വനിതാ കമ്മീഷന് മാധ്യമ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷന് 2025-ലെ മാധ്യമ പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം, ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ഫീച്ചര്‍, വീഡിയോ,ഫോട്ടോ എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ. പുരസ്കാര ജേതാക്കള്‍ക്ക് 25,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും ലഭിക്കും.
ആര്‍എന്‍ഐ അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങളിലെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷന്‍ ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരത്തിന് അപേക്ഷിക്കാം. 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത/ഫീച്ചര്‍, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുഴുവന്‍ പേജ് , വാര്‍ത്തയുടെ നാല് പകര്‍പ്പുകള്‍ , ടെലിവിഷന്‍ വാര്‍ത്തയുടെ/പരിപാടിയുടെ മുഴുവന്‍ വീഡിയോയും, പ്രസ്തുത വാര്‍ത്തയുടെ മാത്രം എംപി4 ഫോര്‍മാറ്റ് അടങ്ങിയ പെന്‍ഡ്രൈവ് , ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ മുഴുവന്‍ പേജ് , ഫോട്ടോയുടെ നാല് പകര്‍പ്പുകള്‍ എന്നിവ ന്യൂസ് എഡിറ്റര്‍/റസിഡന്റ് എഡിറ്റര്‍/എക്സിക്യട്ടീവ് എഡിറ്റര്‍/ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം തപാലായി അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ്. ലഭിക്കേണ്ട വിലാസം മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004. ഫോണ്‍: 0471 2303659, 8281199055.
- Log in to post comments