അട്ടപ്പാടി മേഖലയിലെ ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തി
ദേശീയ ഭക്ഷ്യഭദ്രതാ നിയമം (2013) പ്രകാരം വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അട്ടപ്പാടിയിലെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തില്‍ തേക്കുപന, ദൊഡുഗട്ടി എന്നീ ഊരുകളിലാണ് സന്ദര്‍ശനം നടത്തിയത്. റേഷന്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട കമ്മീഷന്‍, പദ്ധതികളുടെ ആനുകൂല്യം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തേക്കുപന, ദൊഡുഗട്ടി മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ സേവനം ലഭ്യമാക്കുമെന്നും ഊരുകളിലുള്ളവര്‍ക്ക് ഗോതമ്പിന് പകരം ആട്ട നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഊരുകളിലെ 141, 143 നമ്പര്‍ അംഗനവാടികളിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തി. അംഗനവാടി വര്‍ക്കര്‍മാര്‍ക്ക് ബി.എല്‍.ഒ (BLO) ചുമതലയുള്ളതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ തടസ്സം വരാതിരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികളെ സ്ഥിരമായി അംഗനവാടികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലൂര്‍ ഗവ. യു.പി സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയും സംഘം വിലയിരുത്തി. സ്‌കൂളില്‍ ശാസ്ത്രീയമായ രീതിയില്‍ കിച്ചനും ഡൈനിങ് ഹാളും സ്ഥാപിക്കുന്നതിനും കൃത്യസമയത്ത് നിശ്ചിത അളവില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
മുമ്പ് കമ്മീഷന്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ഫലമായി സിങ്കപ്പാറ, മുത്തിക്കുളം, തടിക്കുണ്ട്, കിണറ്റിന്‍കര, മുരുഗള എന്നീ ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിച്ചതും പറമ്പിക്കുളം ഉറവമ്പാടി ഊരിലെ കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കാനും അവിടെ പ്രീ-പ്രൈമറി സ്‌കൂള്‍ തുടങ്ങാനും സാധിച്ചതും വലിയ നേട്ടമാണെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്‍ അംഗങ്ങളായ ഷീല വിജയകുമാര്‍, മുരുകേഷ് ചെറുനാലി, മെമ്പര്‍ സെക്രട്ടറി ബിജു ശങ്കര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ടി.വി. മിനിമോള്‍ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു
- Log in to post comments