Skip to main content

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ്; അവലോകന യോഗം ചേര്‍ന്നു

 

പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മാധവിക്കുട്ടി എം എസിന്റെ അധ്യക്ഷതയില്‍ ചേംബറിൽ അവലോകന യോഗം ചേര്‍ന്നു. സ്‌കൂളുകളുടെ കെട്ടിട സുരക്ഷ, പൊതുവായ ഭൗതിക സാഹചര്യങ്ങള്‍ എന്നിവ പരിശോധിക്കുമെന്നും, മറ്റു വകുപ്പുകളില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തിൽ അറിയിച്ചു.

 

സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കാൻ സ്‌കൂൾ അധികൃതർക്ക് നിര്‍ദ്ദേശം നല്‍കാൻ  ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി. എല്ലാ  വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

 

 ജില്ലയിലെ എല്ലാ സ്‌കൂളുകളും വിശദമായി പരിശോധിച്ച് എന്‍.ഒ.സി നല്‍കും. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി പോസ്റ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുമെന്ന് പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കെഎസ്ഇബിഎല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

 

വിദ്യാലയങ്ങളും പരിസരവും വൃത്തിയാക്കിയിട്ടുണ്ടെന്നും, മാലിന്യ നിര്‍മാര്‍ജ്ജനം ശാസ്ത്രീയമാണെന്ന് ഉറപ്പുവരുത്തുമെന്നും, അവധിക്കാലത്തു തന്നെ അധ്യാപകര്‍ക്ക് പ്രാഥമിക ശുശ്രൂഷയില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു. വിദ്യാലയങ്ങളിലെ സുരക്ഷ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതോടൊപ്പം പാമ്പ് പ്രതിരോധത്തിനായി സര്‍പ്പ (SARPA ) വോളന്റിയര്‍മാര്‍ സജ്ജമാണെന്നും വിദ്യാലയങ്ങളിലെ കാടുപിടിച്ച ഇടങ്ങള്‍ വൃത്തിയാക്കേണ്ടതുണ്ടെന്നും പാലക്കാട് സോഷ്യല്‍ ഫോറെസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പറഞ്ഞു.

 

സ്‌കൂള്‍ ബസുകളുടെയും, വാനുകളുടെയും പരിശോധന മെയ്  20, 23 തീയതികളില്‍ ഗവ: വിക്ടോറിയ കോളേജില്‍ നടത്തും. വിദ്യാലയങ്ങളിലെ പ്രവേശന കവാടങ്ങള്‍ നേരിട്ടെത്തി പരിശോധിക്കുമെന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സുരക്ഷാ പരിശീലനം അധ്യായനാരംഭത്തിന് ശേഷം സംഘടിപ്പിക്കുമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

 

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ടി.എം സലീന ബീവി, പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുമു സ്‌ക്കറിയ, പാലക്കാട് ഡിഇഒ ആസിഫ് അലിയാർ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ ഷിജു ചന്ദ്രന്‍, ഷൊര്‍ണൂര്‍ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് മീര, പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കെഎസ്ഇബി എല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.സി ഗിരിജ, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ ഋതീജ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ ഗീതു മറിയ ജോസഫ്, അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൗഫല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date