പട്ടുനൂല്‍ കര്‍ഷകരെ ശാക്തീകരിക്കാന്‍ 'എംആര്‍എംഎ 2.0' കാമ്പയിന്; പാലക്കാടും വയനാടും പദ്ധതിയുടെ ഭാഗമാകുന്നു
പട്ടുനൂല്‍ കൃഷി (സെറികള്‍ച്ചര്‍) മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കി കര്‍ഷകരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി കേന്ദ്ര സില്‍ക്ക് ബോര്‍ഡ് 'എംആര്‍എംഎ 2.0' (സെറികള്‍ച്ചര്‍ - എന്റെ പട്ട് എന്റെ അഭിമാനം) എന്ന പേരില്‍ പുതിയ കാമ്പയിന് തുടക്കം കുറിച്ചു. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പാലക്കാട്, വയനാട് ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ടെത്തിച്ച്, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി വിവിധ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് പ്രത്യേക ക്ലാസുകള്‍, ഫീല്‍ഡ് തലത്തിലുള്ള തത്സമയ ഡെമോണ്‍സ്ട്രേഷനുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. മള്‍ബറി കൃഷിരംഗത്തെ നൂതനമായ കൃഷിരീതികള്‍, സംയോജിത രോഗ-കീട നിയന്ത്രണ സംവിധാനങ്ങള്‍, ജൈവ കൃഷിരീതികള്‍, ജീവാണു വളപ്രയോഗം എന്നിവയില്‍ കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനവും ഉറപ്പുവരുത്തും. ശാസ്ത്രജ്ഞയായ ഡോ. ശരണ്യയ്ക്കാണ് ക്യാമ്പയിനിന്റെ സംസ്ഥാനതല ഏകോപന ചുമതല. പുതുതായി പട്ടുനൂല്‍ കൃഷി ആരംഭിക്കാന്‍ താല്പര്യമുള്ള കര്‍ഷകരെ 'സില്‍ക്ക് സമഗ്ര 2.0' പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. സ്വന്തമായോ അല്ലെങ്കില്‍ പാട്ടത്തിനെടുത്തതോ കുറഞ്ഞത് ഒരു ഏക്കര്‍ ജലസേചന സൗകര്യമുള്ള ഭൂമിയുള്ള കര്‍ഷകരെയാണ് തിരഞ്ഞെടുക്കുക. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണനയും അധിക ആനുകൂല്യങ്ങളും ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് പാലക്കാട് ജില്ലയിലെ സെറികള്‍ച്ചര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും കര്‍ഷകര്‍ക്ക് 9447443561 നമ്പറില്‍ വിളിക്കാമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments