ഡിജിറ്റല്‍ സ്ക്വയറിന് പ്രൈമറി സ്കൂളുകള്‍ ഓഗസ്റ്റ് 13നകം അപേക്ഷിക്കണം
പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഐ.ടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള 'ഡിജിറ്റല്‍ സ്ക്വയര്‍' പദ്ധതിയിലേക്ക് വിദ്യാലയങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി കൈറ്റ് വികസിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. എയ്ഡഡ്, സര്‍ക്കാര്‍ ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പമുള്ള എല്‍.പി, യു.പി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കളികളിലൂടെയുള്ള പഠനം, സര്‍ഗാത്മകത, സ്വയംപഠനം, ഡിജിറ്റല്‍ സാക്ഷരത എന്നിവ വളര്‍ത്തുന്നതിനൊപ്പം 'കളിപ്പെട്ടി', 'ഇ@വിദ്യ' എന്നീ ഐ.സി.ടി പാഠപുസ്തകങ്ങള്‍ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കും. ഭിന്നശേഷി ഉള്‍പ്പെടെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്.
സ്കൂളില്‍ ഡിജിറ്റല്‍ പഠനഇടം സജ്ജമാക്കാനും, ഹെഡ്ഫോണ്, സ്പീക്കര്‍, മൗസ് എന്നിവ സഹിതം കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാനും സന്നദ്ധതയുള്ള സ്കൂളുകള്‍ക്കാണ് അവസരം. സ്കൂള്‍ പ്രവര്‍ത്തി സമയം മുഴുവനും കുട്ടികള്‍ക്കായി 'ഡിജിറ്റല്‍ സ്ക്വയര്‍' പ്രവര്‍ത്തിക്കും. താല്പര്യമുള്ള സ്കൂളുകള്‍ ഓഗസ്റ്റ് 13നകം കൈറ്റ് ജില്ലാ ഓഫീസില്‍ dcpkd@kite.kerala.gov.in ഇ-മെയില്‍ മുഖേന അപേക്ഷ നല്‍കണം. സര്‍ക്കുലറും പദ്ധതി മാര്‍ഗരേഖയും www.kite.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0491 2520085
- Log in to post comments