Skip to main content
കൂണ്‍കൃഷിയില്‍ സുരഭിയുടെ വിജയഗാഥ

കൂണ്‍ഗ്രാമം പദ്ധതിയും കുടുംബശ്രീയും തുണയായി; കൂണ്‍കൃഷിയില്‍ സുരഭിയുടെ വിജയഗാഥ

കൂണ്‍ഗ്രാമം പദ്ധതിയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ കൂണ്‍കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് വനിത സംരംഭക സുരഭി. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ചുണ്ടമ്പറ്റയില്‍ താമസിക്കുന്ന സുരഭി, 'വിക്ടറി' എന്ന പേരില്‍ രണ്ട് കൂണ്‍ ഫാമുകളാണ് നടത്തുന്നത്.

കേരളത്തില്‍ കൂണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി കൃഷിവകുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, രാഷ്ട്രീയ കൃഷിവികാസ് യോജന എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് കൂണ്‍ഗ്രാമം. വീട്ടമ്മമാര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും മികച്ചൊരു വരുമാനമാര്‍ഗമായി കൂണ്‍ കൃഷിയെ മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി വഴി ഫാമിനായി രണ്ട് ലക്ഷം രൂപയും പാക്കിങ് യൂണിറ്റിനായി ഒരു ലക്ഷം രൂപയും സുരഭിക്ക് ലഭിച്ചിരുന്നു. വന്‍കിട യൂണിറ്റ്, ചെറുകിടയൂണിറ്റ്, പാക്കിംഗ് ഏരിയ എന്നിങ്ങനെ തരംതിരിച്ചാണ് ധനസഹായം ലഭിച്ചത്.

വികാസ് കുടുംബശ്രീ യൂണിറ്റിലെ അംഗമായ സുരഭി അഞ്ച് വര്‍ഷമായി കൂണ്‍കൃഷി രംഗത്ത് സജീവമാണ്. കുടുംബശ്രീയിലൂടെ കൃഷിക്കാവശ്യമായ എല്ലാവിധ സഹായങ്ങളും ലഭിക്കാറുണ്ടെന്നും സുരഭി പറഞ്ഞു. കൂണ്‍ കൃഷി ചെയ്യാനായി പട്ടാമ്പി കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്ന് മൂന്ന് ദിവസത്തെ പരിശീലനവും സുരഭിയും കുടുംബവും നേടിയിരുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചിപ്പിക്കൂണാണ് ഫാമില്‍ ഉത്പാദിപ്പിക്കുന്നത്. ഒരു ബെഡില്‍ നിന്ന് 700 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ വിളവ് ലഭിക്കും. കിലോയ്ക്ക് 500 രൂപ നിരക്കിലാണ് വില്‍പ്പന. കൂണ്‍ അച്ചാര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാമില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ മേളകളിലൂടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ ആലോചിക്കുന്നതായും അവര്‍ പറഞ്ഞു.

date