സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കാൻ ധാരണയായി
സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയിൽ സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടുകൂടി അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കാൻ ധാരണയായി. ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ സംവിധാനം, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, ഇൻഫന്റ് വാർമർ സിസ്റ്റം, അനുബന്ധ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനാണ് തീരുമാനമായത്.
മികച്ച ചികിത്സ ഗർഭിണികൾക്കും കുട്ടികൾക്കും സാധാരണക്കാരായ രോഗികൾക്കും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ആശുപത്രിയിൽ 3500-ലേറെ പ്രസവങ്ങളും, 3000-ത്തിൽ പരം ശസ്ത്രക്രിയകളും, 5000-ത്തിലധികം സ്കാനിംഗുകളും ഒരു വർഷം നടക്കുന്നുണ്ട്. പുതിയ അത്യാധുനിക അൾട്രാ സൗണ്ട് രോഗനിർണയ സ്കാനിംഗ് മെഷീൻ ഗർഭസ്ഥ ശിശുക്കളുടെ രോഗനിർണയം കൃത്യമായി നടത്തുന്നതിന് സഹായകമാകും.
37 ലക്ഷം രൂപ ചെലവ് വരുന്ന ഹൈ ഡെഫിനിഷൻ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷിൻ, 43 ലക്ഷം രൂപ ചെലവ് വരുന്ന ലാപ്രോസ്കോപ്പി മെഷീൻ, 15 ലക്ഷത്തി മുപ്പത്തിനാലായിരം രൂപ ചെലവിൽ ഓപ്പറേഷൻ തിയേറ്റർ എന്നിവ സ്ഥാപിക്കും. 19 ലക്ഷത്തി എൺപതിനായിരം രൂപ ചെലവിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനും മൂന്ന് ഇൻഫന്റ് വാർമർ സിസ്റ്റവും വാങ്ങാനും യോഗത്തിൽ ധാരണയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ. സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ വിമൽ രാജ്, ഫിനാൻസ് ഓഫീസർ പി അനിൽകുമാർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. മിനി മാത്യു, ആർ.എം.ഒ ഡോ. ശ്രീജ വി ചന്ദ്രൻ, ഡോക്ടർമാരായ കാജൽ, സന്ധ്യ നായർ, ദീപ്തി കെ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
- Log in to post comments