ചിറ്റൂര്‍ ബ്ലോക്കില്‍ ജലവിഭവപഠനവും ശില്‍പശാലയും: ഉദ്ഘാടനം ജനുവരി 21ന്
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് ചിറ്റൂര്‍ ബ്ലോക്കില്‍ നടത്തുന്ന ജലവിഭവപഠനത്തിന്‍റെ ഉദ്ഘാടനവും ശില്‍പ്പശാലയും ജനുവരി 21 രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ചിറ്റൂര്‍ മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി അധ്യക്ഷയാവും.
കേന്ദ്ര ഭൂജല ബോര്‍ഡും സംസ്ഥാന ഭൂജലവകുപ്പും സംയുക്തമായി നടത്തിയ ഭൂഗര്‍ഭ ജലസമ്പത്തെക്കുറിച്ചുള്ള പഠനത്തെ അടിസ്ഥാനമാക്കി ജലത്തിന്‍റെ പോഷണം, കാലാകാലങ്ങളായുള്ള ജലനിരപ്പിന്‍റെ വ്യത്യാസം എന്നിവയെ അടിസ്ഥാനമാക്കി ചിറ്റൂര്‍ ബ്ലോക്കിനെ അമിതചൂഷണ വിഭാഗത്തിലും മലമ്പുഴ, കാസര്‍കോഡ് ബ്ലോക്കുകളെ ഗുരുതര വിഭാഗത്തിലുമായി തരംതിരിച്ചിരുന്നു. ഈ ബ്ലോക്കുകളിലെ ഉപരിതല-ഭൂഗര്‍ഭ സ്രോതസുകളുടെ ലഭ്യത, നിലവിലെ അവസ്ഥ, പരിപാലന മുറകള്‍ തുടങ്ങിയ വിവരങ്ങള്‍ ഫീല്‍ഡ് സര്‍വേയിലൂടെ ശേഖരിച്ച് ശാസ്ത്രീയ നിഗമനങ്ങളും തദ്ദേശവാസികളുടെ അഭിപ്രായങ്ങളും സമന്വയിപ്പിച്ച് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. കേരളം ജലസ്രോതസുകളാല്‍ സമ്പന്നമാണെങ്കിലും ശരിയായ ജലസംരക്ഷണങ്ങളുടെ അഭാവം ഇല്ലാതാക്കി ഭൂജലസമ്പത്ത് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
ഉദ്ഘാടന സമ്മേളനത്തോട് മുന്നോടിയായി രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ തുടങ്ങും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി തണ്ണീര്‍ത്തട റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി ധന്യ ഏറ്റുവാങ്ങും. ചിറ്റൂര്‍ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസാമുദ്ദീന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ (സ്റ്റാറ്റ്) വി.എസ് പ്രീത് മോഡറേറ്ററാവും. ഹരികേരളം മിഷനും വികസന പരിപ്രേഷ്യവും വിഷയത്തില്‍ വൈ.കല്യാണകൃഷ്ണനും നദീതട ആസൂത്രണത്തിന്‍റെ പ്രസക്തിയെക്കുറിച്ച് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് അസി.ഡയറക്ടര്‍ ആര്‍.രുഗ്മിണിയും ജലവിഭവ പരിപാലന പ്ലാന്‍- നടപടിക്രമങ്ങളെ സംബന്ധിച്ച് സ്പെഷലിസ്റ്റ് (ഹൈഡ്രോജിയോളജി) ജി.സുബ്രഹ്മണ്യനും സംസാരിക്കും.
- Log in to post comments