സുരക്ഷിത രക്തം എല്ലാവര്ക്കും എന്ന സന്ദേശം പകര്‍ന്ന് ലോക രക്തദാതാ ദിനാചരണം
രക്തദാനം വഴി രക്തദാതാവിന്റെ മനസ്സും ശരീരവും കൂടുതല്‍ ഊര്ജ്ജസ്വലമാകുകയാണെന്ന സന്ദേശം പങ്കുവെച്ച് ആരോഗ്യ വകുപ്പിന്റേയും മേഴ്സികോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും നേതൃത്വത്തില്‍ ലോക രക്തദാതാ ദിനം ആചരിച്ചു. പാലക്കാട് മേഴ്സി കോളേജില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വ്വഹിച്ചു. രക്തദാനം ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ സജ്ജമാക്കാന്‍ ഓരോരുത്തരും സുരക്ഷിത രക്തം എല്ലാവര്ക്കും എന്ന സന്ദേശം പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമുള്ള ശരീരവും നന്മയുള്ള മനസ്സുമുള്ള ഏതൊരാള്‍ക്കും രക്തദാതാവാകാം. സന്നദ്ധ രക്തദാനം വഴി രക്തബാങ്കുകളില്‍ എല്ലാ സമയവും സുരക്ഷിത രക്തം ലഭ്യമാക്കാനാകുമെന്നും ഇതുവഴി ഒരോ ജീവനും സംരക്ഷിക്കുകയാണെന്നും ജില്ലാ ആശുപത്രി ബ്ളഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.രാധിക സുകേതു ഇതോടനുബന്ധിച്ച് നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ പറഞ്ഞു. പതിവായി രക്തദാനം ചെയ്യുന്നവര്‍ക്ക് നിശ്ചിത കാലയളവില്‍ ഹെല്‍ത്ത് ചെക്കപ്പ് നടത്താനാകുമെന്നും 18 മുതല്‍ 65 വയസുവരെ ഇതുതുടരാനാകുമെന്നും ക്ലാസില്‍ വ്യക്തമാക്കി.
രക്തദാനം വഴി ഇരുമ്പിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ ഹൃദ്രോഗം, അര്‍ബുദം, ഹീമോക്രോമാറ്റോസിസ് എന്നിവയുടെ സാധ്യതയും അധിക കലോറിയും കൊളസ്ട്രോളും കുറയ്ക്കാവുന്നതാണ്. ശാരീരികമായും മാനസികമായും ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് നാല് മാസം കൂടുമ്പോഴും പുരുഷന്മാര്ക്ക് മൂന്ന് മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാം. സ്ത്രീകള്‍ക്ക് ഗര്‍ഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും ആര്‍ത്തവ സമയത്തും രക്തദാനം ചെയ്യാനാകില്ല. കാന്‍സര്‍, എയ്ഡ്സ്, പ്രമേഹം, അപസ്മാരം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്കും ജയില്‍ വാസികള്‍, ട്രാന്സ്ജെന്ഡറുകള് എന്നിവര്‍ക്കും രക്തദാനം ചെയ്യാന്‍ കഴിയില്ല. കൂടാതെ രക്തദാനത്തിന്റെ മറ്റു ഗുണങ്ങളെ സംബന്ധിച്ചും ക്ലാസില്‍ വിശദീകരിച്ചു.
ഡി.എം.ഒ ഡോ.കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തി. മേഴ്സി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി.ഗിസബല്ല അധ്യക്ഷയായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തവണ രക്തം ദാനം ചെയ്ത വി.കെ വിനോദ്, സ്ത്രീ ദാതാവായ ഷീല മാത്യു എന്നിവരെവരെയും രക്ത ദാനത്തെ പ്രോത്സാഹിപ്പിച്ചതിന് ബ്ലഡ് ഡോണേഴ്സ് കേരള, ഡി.വൈ.എഫ്.ഐ എന്ന സംഘടനകളെയും പുരസ്കാരം നല്കി ആദരിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ പോസ്റ്റര്‍ രൂപകല്‍പ്പന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്കി. ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ടി.കെ ജയന്തി, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ എ.കെ അനിത, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍. മേഴ്സി കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രഞ്ജു കൃഷ്ണ, പി ഡി എന്‍ പി പ്രതിനിധി എ സുമതി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments