വായിച്ചത് വരച്ച് വിദ്യാര്‍ഥികള്‍; 'വായന വരയ്ക്കുന്നു' ചിത്ര രചനാ മത്സരം ശ്രദ്ധേയമായി
മരുഭൂമിയില്‍ ആടുകളോടൊപ്പം ജീവിതം നയിച്ച നജീബ് മലയാളി വായനക്കാരന്റെ മനസ്സില്‍ നോവ് പടര്‍ത്തിയ കഥാപാത്രമാണ്. പാത്തുമ്മയുടെ ആടും അതിനെ ചുറ്റിപ്പറ്റി വീട്ടില്‍ ഉണ്ടാകുന്ന കോലാഹലങ്ങളും വായിച്ചറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'വായന വരയ്ക്കുന്നു' (വാട്ടര്‍കളര്‍, പെയിന്റിംഗ്) വായനാധിഷ്ഠിത ചിത്രരചന മത്സരത്തില്‍ സാഹിത്യത്തെ മനസ്സിലേക്ക് ആവാഹിച്ച കുട്ടികള്‍ അവയെ ചിത്രങ്ങളായി കടലാസിലേക്ക് പകര്‍ത്തി വരച്ചത് വേറിട്ട കാഴ്ച്ചയായി.
ബി.ഇ.എം സ്കൂളില്‍ നടന്ന പരിപാടി മരവും പക്ഷിയും ഉള്‍പ്പെടെയുള്ള ചിത്രം വരച്ചാണ്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തത്. വായനാശീലം തിരിച്ചു കൊണ്ടുവരാനും സംസ്കാരത്തെ തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. കേരളത്തിന്റെ പ്രകൃതിയും പരിസ്ഥിതിയും പുതുതലമുറയെ സ്വാധീനിക്കുന്നുവെന്നതിന് തെളിവാണ് ചിത്രങ്ങളില്‍ തെളിഞ്ഞുകാണുന്ന പച്ചപ്പ്. ആധുനിക കാലഘട്ടത്തില്‍ ഇ- റീഡിങ് അടക്കമുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ടോള്‍സ്റ്റോയി, ഷേക്സ്പിയര്, റോബര്‍ട്ട് ഫ്രോസ്റ്റ് മുതല്‍ ചങ്ങമ്പുഴ, തകഴി, ബെന്യാമിന് എന്നിവരുടെ രചനകളും കുട്ടികള്‍ ചിത്രങ്ങളുടെ ഇതിവൃത്തമാക്കി. പുതിയ എഴുത്തുകാരെയും ഈ തലമുറ വായിക്കുന്നതിന്റെ തെളിവാണ് കെ ആര് മീരയുടെ ആരാച്ചാരും ബെന്യാമിന്റെ ആടുജീവിതവും പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍. കൂടാതെ കോടാലി കളഞ്ഞു പോയ മരം വെട്ടുകാരന്, മലകയറുന്ന നാറാണത്തു ഭ്രാന്തന്, ചണ്ഡാലഭിക്ഷുകി, ചെമ്മീന്‍, രാമന്റെ വനവാസകാലം, ദാഹിച്ചു വലഞ്ഞ കാക്ക, കുറുക്കനും കാക്കയും, ഭൂമിക്കൊരു ചരമഗീതം, വൈലോപ്പിള്ളിയുടെ മാമ്പഴം തുടങ്ങി വ്യത്യസ്ത കാലഘട്ടങ്ങളിലെ രചനകളാണ് വിദ്യാര്‍ഥികള്‍ ആവിഷ്കരിച്ചത്. കൂടുതലായും ബഷീര്‍ കഥാപാത്രങ്ങളാണ് മത്സരത്തില്‍ കുട്ടികളുടെ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നത്. കേരളത്തിലെ പ്രകൃതി ഭംഗിയോട് ഒട്ടി നില്ക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും വരകളില്‍ തെളിഞ്ഞുനിന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഡിഡി എജുക്കേഷന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് വായനാധിഷ്ഠിത ചിത്രരചനാ മത്സരം നടത്തിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു മത്സരാര്‍ഥികള്‍. വിദ്യാര്‍ത്ഥികള്‍ വായിച്ച ഏതെങ്കിലുമൊരു കവിത, കഥാ, നോവല്‍ എന്നിവയെ ആസ്പദമാക്കിയ ഭാവനയാണ് ചിത്രത്തില്‍ ആവിഷ്കരിച്ചത്.
പരിപാടിയില്‍ പാലക്കാട് ഡി.ഇ.ഒ സി.വി അനിത അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്, ചിത്രകാരന് ബൈജുദേവ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്, കാന്‍ഫെഡ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ് നാരായണന്, ബി.ഇ.എം സ്കൂള്‍ സീനിയര്‍ അധ്യാപിക രജിതകുമാരി, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ജെ.അക്ഷര തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments