ജില്ലാ ഇന്‍ഫര്‍മേഷന്റെ ആഭിമുഖ്യത്തില്‍ ഗിരിവികാസില്‍ വായന- കൈയെഴുത്ത് മത്സരം; 40 ഓളം പേര്‍ പങ്കാളികളായി
പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ത്ഥം വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ മലമ്പുഴ ഗിരിവികാസ് വിദ്യാര്‍ഥികള്‍ക്കായി വായന- കൈയെഴുത്ത് മത്സരം സംഘടിപ്പിച്ചു. മലമ്പുഴ ഗിരിവികാസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പഠനകാലത്തെ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ടുള്ള പ്രചോദനകരമായ പ്രസംഗത്തോടെയാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പഠനകാലത്ത് കായികാധ്യാപകനാണ് തനിക്ക് പഠനത്തിന് പ്രോത്സാഹനം നല്‍കിയത്. ആ പ്രോത്സാഹനമാണ് സിവില്‍ സര്‍വീസ് നേട്ടത്തിന് പ്രചോദനമായതെന്നും അദ്ദേഹം ഓര്‍മിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയ താന്‍ വായനയിലൂടെയാണ് വളര്‍ന്നത്. നമുക്ക് സ്വയം മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും വായന അനിവാര്യമാണ്. അറിവ് വളര്‍ത്തുന്നതിനോടൊപ്പം ബുദ്ധി വികാസത്തിനും പ്രാധാന്യം കൊടുക്കണം. സാഹചര്യങ്ങളെ ബുദ്ധിപരമായി നേരിടാനും ജീവിതത്തെ മാറ്റിമറിക്കാനും വായനകൊണ്ട് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വായിക്കുമ്പോള്‍ സ്വയം മറന്ന് ആസ്വദിക്കാനാകണമെന്നും സ്‌കൂള്‍ പഠനകാലത്തു തന്നെ പാഠ്യ- പാഠ്യേതര പുസ്തകവായന ശീലമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ മുന്നോട്ട് വരാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് ആവേശത്തോടെയാണ് വായന- കൈയെഴുത്ത് മത്സരങ്ങളില്‍ പങ്കെടുത്തത്. വല്ലങ്ങി വി.ആര്‍.സി.എം യു പി സ്‌കൂള്‍ ചിത്രരചന അധ്യാപകന്‍ ആര്‍. ശാന്തകുമാരന്‍, പാലക്കാട് കാവ്യസദസ് സംഘാടകയും ചിറ്റൂര്‍ പാഞ്ചജന്യം ലൈബ്രറി പ്രവര്‍ത്തകയുമായ കെ.ആര്‍.ഇന്ദു എന്നിവര്‍ വിധികര്‍ത്താക്കളായി. മത്സര വിജയികള്‍ക്കുള്ള പി.കെ.ശങ്കരന്‍ കുട്ടിയുടെ 'ധീരതയുടെ ഇതിഹാസം രചിച്ച മലയാളി യോദ്ധാക്കള്‍' പുസ്തകം, സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ അടങ്ങുന്ന പാരിതോഷികം പിന്നീട് വിതരണം ചെയ്യും. മത്സരത്തില്‍ 40 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലന കേന്ദ്രമായ മലമ്പുഴ ഗിരിവികാസില്‍ 50 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
മലമ്പുഴ ഗിരി വികാസില്‍ നടന്ന പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. ഗ്രന്ഥശാലകള്‍ ഓരോ നാടിന്റെയും മുഖമുദ്രയാണ്. പൊതു പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ മാത്രമേ നാടിന്റെ പുരോഗതി സാധ്യമാകൂവെന്നും അധ്യക്ഷ പ്രസംഗത്തില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, ഗിരിവികാസ് വാര്‍ഡന്‍ ചിന്താമണി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments