Skip to main content

പ്രളയത്തെ വരച്ചുകാട്ടി പറളി ഉപജില്ലാ ശാസ്ത്രോത്സവം

 

കവളപ്പാറ ദുരന്തത്തെ അവര്‍ വീണ്ടും സൃഷ്ടിച്ചു. ഇത്തവണ അത് കല്ല്, മണ്ണ്, പേപ്പര്‍ കഷ്ണങ്ങള്‍ ഉപയോഗിച്ചെന്ന് മാത്രം. പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പറളി ഉപജില്ലാ ശാസ്ത്രോത്സവത്തിലാണ് വിദ്യാര്‍ഥികള്‍ കവളപ്പാറ ദുരന്തത്തിന്റെ വിവിധ മാതൃകകള്‍ പ്രദര്‍ശിപ്പിച്ചത്. പിളര്‍ന്നു കിടക്കുന്ന മല, ഒഴുകിവരുന്ന മണ്ണ്, തകര്‍ന്ന വീടുകള്‍, വാഹനങ്ങള്‍, തിരച്ചില്‍ നടത്തുന്ന ജെ.സി.ബി, ക്രെയിനുകള്‍, തുടങ്ങി ദുരന്തത്തിന്റെ നേര്‍ചിത്രമാണ് ശാസ്ത്രോല്‍സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.

കവളപ്പാറ ദുരന്തത്തെക്കുറിച്ചു മാത്രമല്ല, ദുരന്തത്തിലേക്കു നയിച്ച പ്രകൃതി ചൂഷണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രളയത്തിന്റെ കാരണങ്ങള്‍, സ്വീകരിച്ച മുന്നൊരുക്കങ്ങളും വിശദമായ മാതൃകകളിലൂടേയും വിവരണങ്ങളിലൂടേയും വിശദീകരിക്കുന്നുണ്ട്. പ്രളയകാലത്തിന്റെ ഓര്‍മപ്പെടുത്തലായി പുത്തുമല ദുരന്തത്തിന്റെ ദൃശ്യങ്ങളും പ്രളയകാലത്തെ പത്രവാര്‍ത്തകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പറളി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള 54 വിദ്യാലയങ്ങളില്‍ നിന്നും രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് ശാസ്ത്രോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയമേള എന്നീ വിഭാഗങ്ങളിലാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
സംഘകാലത്തെ സാമൂഹികജീവിതം, ഭൂപ്രകൃതി എന്നിവയുടെ മാതൃകകള്‍, ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രനേട്ടങ്ങള്‍, പ്രകൃതി സൗഹൃദ ജീവിതചര്യകള്‍ എന്നിവയുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ചന്ദനത്തിരി, പാവ, മുള, മര ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണം, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മാതൃക വിദ്യാര്‍ഥികളുടെ കരവിരുതില്‍ ആസ്വദിക്കാം. മേള ഇന്ന് (ഒക്ടോബര്‍ 18) സമാപിക്കും. ഒക്ടോബര്‍ 26, 27 തിയതികളിലാണ് ജില്ലാതല ശാസ്ത്രമേള നടക്കുന്നത്.

പറളി ഉപജില്ലാ ശാസ്‌ത്രോത്സവം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം. പി. ബിന്ദു ഉദ്ഘാടനം ചെയ്തു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ഗിരിജ അധ്യക്ഷനായി. പറളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ചെയര്‍മാന്‍ ഡി. സുജിത, പി. എ. നാരായണന്‍ കുട്ടി, എ. ഇ. ഒ. എ. യു.സുനില, പി. ടി. എ. പ്രസിഡന്റ് പി. പി. ശിവകുമാര്‍, പ്രിന്‍സിപ്പല്‍ പി. രേണുക, പ്രോഗ്രാം കണ്‍വീനര്‍ കെ. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. നാളെ (ഒക്ടോബര്‍ 18) ഗണിതമേള, ശാസ്ത്രമേള, ഐ.ടി. മേള എന്നിവ നടക്കും.

date