Skip to main content

അരങ്ങ് 2019 : രുചിക്കൂട്ട് ഒരുക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തില്‍.

 

PRD 1 10.10.19.jpg

നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കാനിരിക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ രുചിക്കൂട്ടുകള്‍ ഒരുക്കുന്നത് പൂര്‍ണമായും കുടുംബശ്രീയുടെ നേതൃത്വത്തില്‍. പാലക്കാട് കഫേശ്രീ, ഓങ്ങല്ലൂര്‍ അമ്മ കേറ്ററിംഗ്  യുണിറ്റ്, മേലാര്‍കോട് ഹോം സ്‌റ്റൈല്‍ കാറ്ററിങ് യൂണിറ്റ് എന്നീ മൂന്ന് കുടുംബശ്രീ കഫേശ്രീ യൂണിറ്റുകളാണ് കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കുക. മത്സരാര്‍ത്ഥികള്‍, അതിഥികള്‍, വിധികര്‍ത്താക്കള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ ദിവസേന ആയിരത്തോളം പേര്‍ക്ക്  മൂന്നു നേരം ഭക്ഷണം തയ്യാറാക്കും. ചിറ്റൂര്‍ , കുഴല്‍മന്ദം ബ്ലോക്കുകളിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ്. അക്കൗണ്ടന്റ്മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരായിരിക്കും  ഭക്ഷണശാലയ്ക്ക് നേതൃത്വം നല്‍കുക. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഭക്ഷണശാല തയ്യാറാക്കുന്നത്. ഇവിടെ 250 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീല്‍ കിണ്ണം, ഗ്ലാസ് എന്നിവയിലാണ് ഭക്ഷണം വിതരണം ചെയ്യുക.  ഭക്ഷണാവശിഷ്ടങ്ങള്‍ വേണ്ടവിധേന നിര്‍മ്മാര്‍ജ്ജനം ചെയ്യാനുളള  നടപടി സ്വീകരിക്കും.

കലാപ്രതിഭകള്‍ക്ക്  നാലിടങ്ങളിലായി താമസ സൗകര്യം ഒരുക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം അരങ്ങ് 2019 ല്‍ പങ്കെടുക്കാനായി സംസ്ഥാനത്തെ 2000 - ത്തോളം കലാകാരികള്‍ക്ക് നാലിടങ്ങളിലായാണ് താമസ സൗകര്യം ഒരുക്കുന്നത്.  മുണ്ടൂര്‍ ഐ. ആര്‍.ടി. സി, യുവക്ഷേത്ര, സ്റ്റാര്‍ട്ട് ധോണി,  പാസ്റ്റോറിയല്‍ സെന്റര്‍ ചക്കാന്തറ,  എന്നിവിടങ്ങളിലായാണ്   താമസ സൗകര്യം തയ്യാറാക്കുന്നത്. കലോത്സവത്തില്‍ 19 സ്റ്റേജിന മത്സരങ്ങളും ആറ് സ്റ്റേജിതര മത്സരങ്ങളുമാണ് നടക്കുക.

date