ജില്ലയില്‍ അംഗനവാടി കുട്ടികള്‍ക്കുള്ള പോഷകാഹാരം വിതരണം ചെയ്തുതുടങ്ങി
സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അംഗനവാടികള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചതിനാല്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അംഗനവാടികളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐ.സി.ഡി.എസ് സേവനങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിക്കാന്‍ തുടങ്ങി. ജില്ലയിലെ 2835 അംഗന്‍വാടികളിലായി പഠിക്കുന്ന 25000 ഓളം കുട്ടികള്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാക്കുക. മാര്‍ച്ച് 31 വരെയുള്ള ഭക്ഷ്യധാന്യങ്ങളാണ് കുട്ടികള്‍ക്ക് നല്‍കുക. ഇത് ഒരു മാസത്തേക്ക് മുഴുവനായോ അല്ലെങ്കില്‍ ഓരോ ആഴ്ചയ്ക്കുമായോ ആണ് എത്തിക്കുന്നത്. കുട്ടികളുടെ വീടുകളിലെ സാഹചര്യം, പ്രാദേശികമായ സൗകര്യം എന്നിവ പരിഗണിച്ചാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക.
ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ നേതൃത്വത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, സി.ഡി.പി.ഒ.മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും. അംഗന്‍വാടികള്‍ക്ക് അവധി നല്കിയ സാഹചര്യത്തില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തുക എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
- Log in to post comments