Skip to main content

ഹോമിയോപ്പതി വകുപ്പ് കൊറോണ പ്രതിരോധ സെല്‍ രൂപീകരിച്ചു

 

കൊറോണ ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് ഹോമിയോപ്പതി വകുപ്പില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കൊറോണ സര്‍വൈലന്‍സ് ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചു.

ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഹോമിയോപ്പതി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്നുകള്‍ വിതരണം ചെയ്യരുതെന്നും അത്തരം മരുന്ന് വിതരണങ്ങള്‍ക്കും വ്യാജ പരസ്യങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

ആശുപത്രിയിലെ കിടപ്പു രോഗികളെ സന്ദര്‍ശിക്കുന്നതിനും കൂട്ടിരിപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുബാംഗങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിന് ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടെയുളളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

അവധിയിലുളള ജീവനക്കാരെ തിരിച്ചുവിളിക്കുന്നതിനും മെഡിക്കല്‍ ഗ്രൗണ്ടില്‍ മാത്രമേ അവധി അനുവദിക്കാവൂ എന്നും എല്ലാ സ്ഥാപനമേധാവികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി.  എല്ലാ ഹോമിയോ ഡിസ്‌പെന്‍സറികളിലും പനി, ചുമ, തുടങ്ങിയ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ ക്യൂ നിര്‍ത്താതെ തന്നെ വേഗം സേവനം ലഭ്യമാക്കുവാനും ഇവര്‍ മറ്റു രോഗികളുമായി ഇടപഴകുന്നതിനുളള സാഹചര്യം ഒഴിവാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

ജില്ലാ ആശുപത്രിയില്‍ വരുന്ന പനി രോഗികളുടെ പ്രാഥമിക പരിശോധനക്കായി ഒരു പ്രതേ്യക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊറോണ രോഗ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം അടക്കമുളള വിവരങ്ങള്‍ എല്ലാ രോഗികളില്‍ നിന്നും ശേഖരിക്കും. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ഹോമിയോപ്പതി ചികിത്സാ സ്ഥാപനങ്ങളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ കൃത്യമായ കണക്കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ സര്‍വൈലന്‍സ് സെല്‍ (0471-2573655) ല്‍ അറിയിക്കണമെന്നും ഡോ. ജെ. ബോബന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

നോഡല്‍ ഓഫീസറായി ദ്രൂത കര്‍മ്മ സാംക്രമിക രോഗ സെല്‍ (റീച്ച്)കണ്‍വീനര്‍ ഡോ: പി. വി. വിനേഷിനെ നിയോഗിച്ചു.  ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൊറോണ നിരീക്ഷണ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ആയതിന്റെ മേല്‍നോട്ടത്തിനായി രണ്ടു  മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.  ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഹോമിയോപ്പതി ചികിത്സാ സ്ഥാപനങ്ങള്‍ക്കുളള പ്രവര്‍ത്തന മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കി നല്‍കി. ജില്ലയിലെ സര്‍ക്കാര്‍, എന്‍.എച്ച്.എം., സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് വേണ്ടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.    

date