Skip to main content

പാലക്കാട് ജില്ല കോവിഡ് മുക്തം. ചികിൽസയിൽ ഉണ്ടായിരുന്ന 13 പേരും രോഗമുക്തരായി ആശുപത്രി വിട്ടു.

ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അവസാന കോവിഡ്‌ 19 ബാധിതനും രോഗ വിമുക്തൻ ആയി ആശുപത്രി വിട്ടതോടെ പാലക്കാട് കോവിഡ് മുക്ത ജില്ലയായി.ഏറ്റവും ഒടുവിൽ ചികിത്സയിൽ ഉണ്ടായിരുന്ന സേലത്ത് ലോറി ഡ്രൈവറായിരുന്ന കുഴൽമന്ദം സ്വദേശിയാണ് ഇന്ന് ആശുപത്രി വിട്ടത്.  

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആസൂത്രണവും പ്രവർത്തനങ്ങളും പ്രതിരോധം ശക്തമാക്കി

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സൂക്ഷ്മവും കൃത്യതയുമാർന്ന ആസൂത്രണവും പ്രവർത്തനങ്ങളും ജില്ലയിൽ കോവിഡ് 19 പ്രതിരോധം ശക്തമാക്കി.പ്രതിരോധപ്രവർത്തനങ്ങൾ നിലവിലും തുടരുകയാണ്.

 2020 ജനുവരി മുതലാണ് കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചത്.പാലക്കാട് ജില്ലാ ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഐസോലേഷൻ റൂമുകൾ സജ്ജമാക്കി കൊണ്ടാണ് പ്രവർത്തനം ചിട്ടപ്പെടുത്തിയത്.
ജില്ലാ ഭരണകൂടം മുതൽ ഫീൽഡ് വർക്കർമാരായ ആശാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഏകോപനവും സഹകരണവും  പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ പി റീത്ത പറഞ്ഞു.
സന്നദ്ധ സംഘടനകളാണ് ഐസൊലേഷനിൽ ഉള്ളവർക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നത്.
വീട്ടിൽ പോകാതെ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന സ്റ്റാഫ് നഴ്സുമാർക്കുള്ള ഭക്ഷണം ആശുപത്രിയിൽ ഒരുക്കിയിരുന്നു. ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ചെയ്ത സ്റ്റാഫുകളെ നഴ്സിംഗ് ഹോസ്റ്റലിലാണ്  നിരീക്ഷണത്തിൽ ഇരുത്തുന്നത്.

 പ്രതിരോധ പ്രവർത്തനത്തിനായി ജില്ലാ ആശുപത്രി രണ്ടായി വിഭജിച്ചു..

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കോവിഡ് 19 ബാധിതരെ ചികിത്സിക്കുന്നത്. ആശുപത്രിക്കുള്ളിൽ തന്നെ കോവിഡ്, നോൺ- കോവിഡ് വിഭാഗം പ്രവർത്തിക്കുന്നു എന്നതാണ് ആശുപത്രി അധികൃതർ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി എന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർക്കുള്ള ഐസൊലേഷൻ സംവിധാനവും ആശുപത്രിയിലുണ്ട്.  നോഡൽ ഓഫീസർ ഡോ. സോന, റസിഡൻറ് മെഡിക്കൽ ഓഫീസർ ഡോ. ഷൈജ, ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി, മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ശ്രീരാം, ഫിസിഷ്യൻ ഡോ ശ്രീരാം ശങ്കർ, ഇൻഫെക്ഷൻ കണ്ട്രോൾ ചാർജുള്ള നെഫ്രോളജിസ്റ് ഡോ. കൃഷ്ണദാസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

12 ഡോക്ടർമാരും 36 സ്റ്റാഫ് നേഴ്സ്കളും 12 ക്ലീനിങ് സ്റ്റാഫും നഴ്സിംഗ്  അസിസ്റ്റൻസും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും ചേർന്നതാണ് ജില്ലാ ആശുപത്രിയിലെ കോവിഡ് 19 പ്രവർത്തക സംഘം. ഇത്രയും പേർ ഉൾപ്പെട്ട ഒരു പ്രവർത്തക സംഘം ഐസൊലേഷനിൽ പോകുമ്പോൾ മറ്റൊരു സംഘം ജോലിയിൽ പ്രവേശിക്കും.
രണ്ട് ഫിസിഷ്യനും ഒരു ഇ എൻ ടി യും മുഴുവൻ സമയവും ഡ്യൂട്ടിയിൽ ഉണ്ടാകും.ഡോ. അഭിജിത്തിൻ്റെ നേതൃത്വത്തിൽ ടെലി കൗൺസിലിംഗ് സെൻറർ  ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി രോഗികൾക്ക് ആവശ്യമായ മാനസിക പിന്തുണ നൽകി വന്നിരുന്നതായും ജില്ലാ ആശുപത്രി സൂപ്രണ്ട്  അറിയിച്ചു.

 ജില്ലാ ആശുപത്രിയിലെ മറ്റു രോഗികളുമായുള്ള സമ്പർക്കം തടയാൻ പ്രത്യേക സജ്ജീകരണം*

ആശുപത്രിയിലേക്ക് എത്താൻ സാധ്യതയുള്ള കോവിഡ്‌ 19 രോഗ ബാധിതരും ഒരു മറ്റു രോഗികളും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ കാഷ്വാലിറ്റിയിലും ഒ.പിയിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ള തായി ജില്ലാശുപത്രി സൂപ്രണ്ട് പറഞ്ഞു.

 ജൂനിയർ ഡോക്ടർമാരും ഹൗസ് സർജൻമാരും രോഗിയെ പരിശോധിക്കുകയും ഇവരുടെ ഡാറ്റ ഓൺലൈനായി പ്രത്യേകമായി സജ്ജമാക്കിയ കോവിഡ് 19 ഓഫീസിലേക്ക് അയക്കുകയും ചെയ്യും. ഡാറ്റ നേരിട്ട് ഓഫീസിൽ എത്തിക്കുമ്പോൾ ഉണ്ടാകാനിടയുള്ള രോഗവ്യാപനം തടയാൻ ആണ് ഓൺലൈൻ ആയി അയക്കുന്നത്. കൂടാതെ ഒ പി ടിക്കറ്റ് എടുത്ത രോഗികൾക്ക് പ്രത്യേകമായി മരുന്ന് വിതരണം ചെയ്യാനുള്ള സംവിധാനവും ഫാർമസി സജ്ജമാക്കിയിരുന്നു.  ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ രോഗ സാധ്യത കണ്ടെത്തുന്നവരെ ഐസൊലേഷനിലേക്ക്  അയക്കുകയാണ് ചെയ്തിരുന്നത്.

 ഐസോലേഷൻ, ഡിസ്ചാർജ് തീരുമാനം  വിദഗ്ധ മെഡിക്കൽ സംഘത്തിൻ്റേത്

ഐസോലേഷൻ, ഡിസ്ചാർജ് ഉൾപ്പെടെയുള്ള കാര്യങ്ങൾ  വിദഗ്ധ മെഡിക്കൽ സംഘം യോഗം ചേർന്നാണ് തീരുമാനിക്കുന്നത്. രോഗിയുടെ കേസ് ഷീറ്റ്, ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട്, ആരോഗ്യസ്ഥിതി, ഹോസ്പിറ്റൽ വിട്ടതിനുശേഷം 14 ദിവസം നിരീക്ഷണത്തിൽ ഇരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് രോഗിയെ ആശുപത്രി വിടാൻ അനുവദിക്കുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി പറഞ്ഞു.
തുടക്കത്തിൽ പ്രത്യേകിച്ച് സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതിരുന്നപ്പോൾ പ്രവർത്തനങ്ങളിലെ കുറവ് കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെയും അധികൃതരെ ഉൾപ്പെടുത്തി ഇൻസ്റ്റിറ്റ്യൂഷ്ണൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ സ്ഥിരമായി വിശകലനം ചെയ്താണ് മുന്നോട്ടു പോയത്.

കോവിഡ്‌ 19 ചികിത്സയ്ക്കായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് 11  വെൻറിലേറ്ററുകൾ കൂടി ആശുപത്രിയിൽ സജ്ജമാക്കിയിരുന്നു.  രോഗം സ്ഥിരീകരിക്കാത്ത ലക്ഷണങ്ങളുള്ള രോഗികൾക്കായി വെൻറിലേറ്ററുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന ഐ.സി.യു കോവിഡ്‌ 19 ചികിത്സയ്ക്കായി സജ്ജമാക്കി. മറ്റു അനുബന്ധ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാണ്. കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ എടുത്തു വരികയാണ്.

 പ്രാഥമിക-രണ്ടാം സമ്പർക്ക പട്ടികയിലുള്ളവരെ കർശന നിരീക്ഷണത്തിലാക്കിയത് രോഗവ്യാപനം തടഞ്ഞു

ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക- രണ്ടാം സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയത് രോഗ വ്യാപനത്തിന് നന്നായി തടയിടാൻ സാധിച്ചതായി ഡിഎംഒ  ഡോ കെ പി റീത്ത പറഞ്ഞു. ഇവരുടെയെല്ലാം സമ്പർക്ക പട്ടികയിൽ പരിശോധന നടത്തിയ എല്ലാവരുടെയും ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതും ആശ്വാസകരമായിരുന്നു. കാരക്കുറിശ്ശി, കുഴൽമന്ദം, വിളയൂർ സ്വദേശികളുടെ സമ്പർക്ക പട്ടികയാണ്  അധികൃതരേയും പൊതുജനങ്ങളേയും ആശങ്കപ്പെടുത്തിയിരുന്നത്. കാരാകുറുശ്ശി സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ 87 പേരുടെ പരിശോധനയാണ് നടത്തിയത്. ഇവരുടെയെല്ലാം ഫലം നെഗറ്റീവ് ആണ്. കൂടാതെ ഇദ്ദേഹത്തിൻ്റെ മകനും കെഎസ്ആർടിസി കണ്ടക്ടറുമായ വ്യക്തിയുടെ പരിശോധനാഫലം നെഗറ്റീവ് ആയതും ജില്ലയുടെ വലിയ ആശങ്ക തുടച്ചു നീക്കുകയാണുണ്ടായത്. കുഴൽമന്ദം സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ പരിശോധന നടത്തിയ 42 പേരുടെയും വിളയൂർ സ്വദേശിയുടെ പട്ടികയിലെ 46 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. കൂടാതെ വരോട് സ്വദേശി- 6, കോട്ടോപ്പാടം- 1, ഒറ്റപ്പാലം- 8 കിഴക്കഞ്ചേരി പാലക്കുഴി -4, ചാലിശ്ശേരി -3, കാവിൽപാട് -4, തിരുമിറ്റക്കോട് ചാത്തന്നൂർ -14, യുപി -25, കാവിൽപാട് - 4, മലപ്പുറം- 2, ഇടുക്കിയിൽ വെച്ച് രോഗം സ്ഥിരീകരിച്ച ആലത്തൂർ സ്വദേശിയുടെ - 13 എന്നിങ്ങനെയാണ് സമ്പർക്ക പട്ടികയിൽ പരിശോധന നടത്തിയവരുടെ എണ്ണം. എല്ലാം തന്നെ നെഗറ്റീവ്.

 കോവിഡ് കെയർ സെൻ്ററുകൾ സജീവമാക്കി നിരീക്ഷണം തുടരുന്നു

വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ  ജില്ലയിൽ നാല് കോവിഡ് കെയർ സെന്ററുകളിലായി സജീവമായ നിരീക്ഷണം തുടരുന്നു. നിലവിൽ വിവിധരാജ്യങ്ങളിൽ നിന്നായി  68 പേരാണ്(മെയ് 11 വരെ) ജില്ലയിലെ കോവിഡ്  കെയർ സെന്ററുകളിൽ  നിരീക്ഷണത്തിൽ കഴിയുന്നത്. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ 18, ചിറ്റൂർ കരുണ മെഡിക്കൽ കോളെജിൽ 24,  പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്തയിൽ ഏഴ്,  അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റ്‌റ്റ്യൂഷൻ കെട്ടിടത്തിൽ 19 എന്നിങ്ങനെ 68 പേരാണ് നിരീക്ഷണകേന്ദ്രങ്ങളിൽ കഴിയുന്നത്.  പ്രത്യേകം സജ്ജീകരിച്ച അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള മുറികളിലായാണ് ഓരോരുത്തർക്കും താമസ സൗകര്യങ്ങൾ  ഒരുക്കിയിരിക്കുന്നത്.  ഓരോ മുറികളിൽ ഒരാളെ വീതവും , കുടുംബമായി എത്തുന്നവർക്ക് ആവശ്യമെങ്കിൽ ഒന്നിച്ച് താമസിക്കുന്നതിനുമുള്ള സൗകര്യങ്ങളും നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
 അതാത്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. പോലീസ്,  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനവും നിരീക്ഷണ കേന്ദ്രങ്ങൾ ലഭിക്കും. നിരീക്ഷണത്തിൽ കഴിയുന്നവരെ പുറത്തു നിന്നുള്ളവർക്ക്  സന്ദർശിക്കാൻ കഴിയില്ല.

സാമ്പിൾ പരിശോധന തൃശൂർ, ആലപ്പുഴ ജില്ലകളിൽ

ജില്ലാ ആശുപത്രി, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുമെടുക്കുന്ന സാമ്പിളുകൾ തൃശൂർ, ആലപ്പുഴ ജില്ലകളിലെ ലബോറട്ടറികളിൽ ആണ് പരിശോധന നടത്തുന്നത്. കൂടുതൽ പരിശോധനകളും നടത്തിയിരിക്കുന്നത് തൃശ്ശൂരിലാണ്. കൂടാതെ ആശുപത്രിയിൽ കൊണ്ടുവരാതെ ആളുകളുടെ അടുത്തേക്ക്  നേരിട്ട് പോയും സാമ്പിൾ ശേഖരിച്ചിരുന്നു. വിദേശത്തു നിന്നെത്തിയ രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ, രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർ എന്നിവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.ഓഗ്‌മെന്റഡ് (വലിയ അളവിലുളള) പരിശോധനക്കായി ജില്ലയിൽ നിന്നും 195 സാമ്പിളുകൾ അയച്ചിരുന്നു. അവയെല്ലാം നെഗറ്റീമാണ്. കൂടാതെ ആഴ്ചയിൽ മൂന്നു ദിവസം  സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന പ്രദേശങ്ങളിലെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ 15 വീതം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. നോൺ കോവിഡ് മേഖലകളിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ, ആരോഗ്യപ്രവർത്തകർ, കമ്മ്യൂണിറ്റി വോളണ്ടിയേഴ്സ്, പോലീസ്, റേഷൻ കടകളിൽ ഉള്ളവർ തുടങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്നവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇത് എല്ലാ ആഴ്ചയിലും തുടർച്ചയായി നടത്തിവരുന്നുണ്ട്.നിലവിൽ കുഴൽമന്ദം, ഒറ്റപ്പാലം, ആലത്തൂർ പ്രദേശങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. കൂടാതെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന വരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ലബോറട്ടറികളിൽ നിന്നും റിസൾട്ട് സംസ്ഥാന കൺട്രോൾ റൂമിലേക്കാണ് വരിക. അവിടെനിന്നും ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരം ലഭിക്കും. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും ഡ്രൈവറുമാണ് സ്ഥിരമായി സാമ്പിളുകൾ പരിശോധനയ്ക്ക് ലബോറട്ടറികളിൽ എത്തിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 3185 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3075 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവും ആയിരുന്നു. ഈ 13 പോസിറ്റീവുകളാണ് ഇപ്പോൾ നെഗറ്റീവായി അപ്രസക്തമാകുന്നത്.

 ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ കോവിഡ് പ്രതിരോധ കൺട്രോൾ റൂം ഇപ്പോഴും സജീവം

ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ കോവിഡ് പ്രതിരോധ  കൺട്രോൾ റൂം ഇപ്പോഴും സജീവമാണ്.  6009 ഫോൺ കോളുകളാണ് കഴിഞ്ഞ ദിവസം വരെ കോൾ സെൻററിലേക്ക് വന്നത്.വിദേശത്ത് നിന്നെത്തിയവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും നിരീക്ഷണ കാലയളവ് സംബന്ധിച്ചും മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ചും കൺട്രോൾ റൂമിൽ സംശയങ്ങൾ ചോദിക്കും.  ശാരീരിക അസ്വസ്ഥതകൾ സംബന്ധിച്ച സംശയ നിവാരണത്തിനും പുറത്തുനിന്ന് ആളുകൾ എത്തുന്നത് അറിയിക്കുന്നതിനും മറ്റുമായി നിരവധിപേർ കോൾ സെൻററിലേക്ക് വിളിക്കുന്നുണ്ട്. കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189.

date