പാളമല ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി
കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുൾപ്പെടുന്ന പാളമല പട്ടികവർഗ കോളനിയിലെ ഒൻപത് വീടുകളിലെ 10 പട്ടികവർഗ വിദ്യാർത്ഥികൾക്കായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ടതിലൂടെ ടി.വി ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിക്കുന്ന അയ്യങ്കാളി സ്മാരക സാംസ്ക്കാരിക നിലയത്തിൽ സജ്ജീകരിച്ച ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം പി.ഉണ്ണി എം.എൽ.എ നിർവഹിച്ചു. കേരള എൻ.ജി.ഒ യൂണിയൻ ശ്രീകൃഷ്ണപുരം ഏരിയാ കമ്മറ്റിയാണ് ഒരു 32 ഇഞ്ച് കളർ എൽ.ഇ.ഡി ടി.വി സൗജന്യമായി നൽകിയത്.
കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് ഉടനെ ഇടപെട്ട് ടിവി സംഭാവനയിലൂടെ കണ്ടെത്തുകയായിരുന്നു. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
കെ. ശാന്തകുമാരി, ഉഷാ നാരായണൻ,
കെ.പ്രീത, കെ.രാമകൃഷ്ണൻ,
ബ്ലോക്ക് ഉദ്യോഗസ്ഥരായ കെ.വിനോദ് കുമാർ, കെ.കാർത്തികേയൻ,
എൻ.ജി.ഒ യൂനിയൻ നേതാക്കളായ
എം.അജയ്കുമാർ, വി എൻ.ദിലീപ്,
മനോജ്, എസ്. ടി പ്രമോട്ടർ
പി.സീത, കടമ്പഴിപ്പുറം ജി.യു.പി സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.
കൂടാതെ വൈദ്യുതി കണക്ഷൻ വിഛേദിക്കപ്പെട്ട എല്ലാ വീടുകളിലും കണക്ഷൻ പുന:സ്ഥാപിച്ചു. പാളമലയിലെ ഒൻപത് വീടുകൾക്ക് 33 ബൾബുകൾ ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബ് സൗജന്യമായി നല്കി.
പി. ഉണ്ണി എം.എൽ.എ ബൾബുകൾ കോളനി നിവാസികൾക്ക് വിതരണം ചെയ്തു.
- Log in to post comments