Skip to main content

ജില്ലയില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ സജീവം

സ്വാസ്ഥ്യം, സുഖായുഷ്യം, പുനര്‍ജനി, അമൃതം രോഗ പ്രതിരോധ പദ്ധതികളുമായി ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ സജീവം. ഗവ. ആയുര്‍വേദ സ്ഥാപനങ്ങളിലാണ് ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ 104 ആയുര്‍ രക്ഷാ ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നുത്. കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍
മരുന്നുകള്‍ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘുവ്യായാമം ശീലമാക്കി ശാരീരികവും മാനസികവുമായ ആരോഗ്യം വളര്‍ത്തുകയാണ് സ്വാസ്ഥ്യം പദ്ധതി ലക്ഷ്യമിടുന്നത്.

പകര്‍ച്ചാവ്യാധികള്‍ വേഗം പിടികൂടാന്‍ സാധ്യതയുളള 60 വയസിന് മുകളിലുളളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുക, അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്ത വിധം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമുളള പദ്ധതിയാണ് സുഖായുഷ്യം. ഏതെങ്കിലും തരത്തിലുളള രോഗശമനത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം ഈ മരുന്നുകളും കഴിക്കാവുന്നതാണ്.

കോവിഡ് 19 പോസിറ്റിവ് ആയിരുന്നവര്‍ ചികിത്സ കഴിഞ്ഞ് നെഗറ്റീവായ ശേഷം വീണ്ടും 15 ദിവസം കൂടി വിശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഇതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് പുനര്‍ജ്ജനി പദ്ധതി വഴി നല്‍കുന്നത്.  കൃത്യതയോടെയുളള ചികിത്സകളും 90 ദിവസത്തേക്കായി വിവിധ മരുന്നുകളും പദ്ധതിയിലൂടെ നല്‍കുന്നു.

കോവിഡ് -19 ന്റെ ഭാഗമായി നിരീക്ഷണത്തിലുളളവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ നല്‍കുന്ന മറ്റൊരു പദ്ധതിയാണ് അമൃതം. പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാന ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ജില്ലയിലെ 104 സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കികഴിഞ്ഞതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു അറിയിച്ചു.

date