കോവിഡ് കാലത്തെ രക്തദാനം : കെഎപിഎസ് പാലക്കാട് ചാപ്റ്ററിന് ജില്ലാശുപത്രി ബ്ലഡ് ബാങ്കിന്റെ ആദരം
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ദിനം ഒരു ദാതാവ് രക്തദാന പദ്ധതിക്ക് തുടക്കമിട്ട കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (കെ.എ.പി.എസ്)പാലക്കാട് ചാപ്റ്ററിന് ജില്ലാശുപത്രി ബ്ലഡ് ബാങ്കിന്റെ ആദരം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവിയില്‍ നിന്നും കെ.എ.പി.എസ് പാലക്കാട് ചാപ്റ്റര്‍ പ്രസിഡന്റ് കെ. സതീഷ് ആദരം ഏറ്റുവാങ്ങി.
ലോക്ഡൗണ്‍ കാരണം രക്തദാനം നടത്താന്‍ ദാതാവിനെ കിട്ടാത്ത അവസ്ഥയും സര്‍ജറി അടക്കമുള്ള കാര്യങ്ങള്‍ക്ക് രക്തം ലഭ്യമാകാത്ത സാഹചര്യവും മുന്‍കൂട്ടി കണ്ടാണ് ജില്ലാ ഭരണകൂടം, വിശ്വാസ്, ജില്ലാശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു ദിനം ഒരു ദാതാവ് രക്തദാന പദ്ധതിയിലൂടെ നിരവധി പേരാണ് രക്തം ദാനം ചെയ്തത്. പദ്ധതിയില്‍ ജനപ്രതിനിധികള്‍, സിനിമാ താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ രക്തം ദാനം ചെയ്തിട്ടുണ്ട്.
ജില്ലാശുപത്രി ഐ.പി.പി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.രാധിക സുകേതു, സീനിയര്‍ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ എം.വി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments