ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നെല്ല് സംഭരണവും സംസ്‌കരണവും സാധ്യമാകും- മുഖ്യമന്ത്രി
പാലക്കാട് ജില്ലയില്‍ ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെല്ല് സംഭരണവും സംസ്‌കരണവും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് ശിലാസ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പ്രതിദിനം ഒരു ലക്ഷം മെട്രിക് ടണ്‍ സംസ്‌കരണശേഷിയുള്ള ആധുനിക റൈസ് മില്‍ നബാര്‍ഡിന്റെ സാങ്കേതികസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്്. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ നല്‍കാനും ബാക്കിയുള്ളത് സ്വന്തം നിലയില്‍ വിപണനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 50 പേര്‍ക്ക് പ്രത്യക്ഷമായും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ പദ്ധതിയിലൂടെ യുവജനങ്ങള്‍ ധാരാളമായി കാര്‍ഷിക മേഖലയില്‍ സജ്ജീവമാണ്. ഇത്തരത്തിലുള്ള കര്‍ഷക കൂട്ടായ്മകള്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഴി കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥലം സ്വന്തമല്ലെന്ന കാരണത്താലും ഒരു വ്യക്തിയല്ല വായ്പയ്ക്ക് അപേക്ഷിക്കുന്നത് എന്ന കാരണത്താലും വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം പ്രതിസന്ധികള്‍ ഇനി ഉണ്ടാകില്ലെന്നും സ്വയംസഹായ ഗ്രൂപ്പുകളെ ഒരു വ്യക്തിയെന്ന നിലയില്‍ പരിഗണിച്ച് സഹകരണ സംഘങ്ങള്‍ വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇത് കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ്വ് ഉണ്ടാക്കും. നെല്ലിനു പുറമേ ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നീ കൃഷിയും പ്രോത്സാഹിപ്പിക്കും. കൂടാതെ മത്സ്യകൃഷി, പശുവളര്‍ത്തല്‍ എന്നിവയും സുഭിക്ഷ കേരളം പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക പ്രധാനമാണ്. അതിനായി കാര്‍ഷികമേഖലയ്ക്ക് വലിയതോതില്‍ ഉണര്‍വ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോവിഡ് 19 നെ വളരെ ജാഗ്രതയോടെ നേരിടുകയും പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുകയും ചെയ്യുന്നതിനോടൊപ്പം കാര്‍ഷിക ഉണര്‍വിനായുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തരിശുനിലങ്ങള്‍ ഏറ്റെടുത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ആരംഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആധുനിക റൈസ് മില്ലിന് പുറമെ കാവശ്ശേരിയിലും റൈസ് മില്‍ ആരംഭിക്കും: മന്ത്രി എ.കെ ബാലന്‍
നെല്ലുസംഭരണത്തിലും സംസ്‌ക്കരണത്തിലുമുള്ള ചൂഷണങ്ങള്‍ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുയാണ്
കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന ആധുനിക റൈസ് മില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആധുനിക റൈസ്മില്ലിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വകുപ്പിന്റെ കീഴില്‍ കാവശ്ശേരിയില്‍ പുതിയ റൈസ് മില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഇതോടെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന നെല്ല് സംഭരണ-സംസ്‌ക്കരണ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനാവും. കണ്ണമ്പ്ര പഞ്ചായത്തില്‍ ആരംഭിക്കുന്ന വ്യവസായപാര്‍ക്കിനുള്ള സ്ഥലം ഏറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ക്രാഫ്റ്റ് വില്ലേജും കണ്ണമ്പ്രയില്‍ യാഥാര്‍ഥ്യമാകും. ആധുനിക റൈസ് മില്‍ ഉള്‍പ്പെടെ പ്രദേശത്തെ ഇത്തരം സംരംഭങ്ങള്‍ കണ്ണമ്പ്രയെ മറ്റൊരു വ്യവസായ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് മികച്ച വിലയും ഗുണഭോക്താവിന് ന്യായവിലയും ലഭ്യമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ജില്ലയില്‍ യഥാസമയം നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനും സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താവിന് ന്യായവിലയില്‍ ലഭ്യമാക്കുകയുമാണ് കണ്ണമ്പ്രയിലെ നെല്ല് സംഭരണ -സംസ്‌ക്കരണ കേന്ദ്രം പദ്ധതി ലക്ഷ്യമിടുന്നതെന്ന് സഹകരണ - ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന കണ്ണമ്പ്രയില്‍ ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് ശിലാസ്ഥാപനം ഓണ്‍ലൈന്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ജനുവരിയില്‍ ജില്ലയില്‍ നെല്‍ കര്‍ഷക സംഗമം സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി ജില്ലയിലെ സഹകരണമേഖലയില്‍ സംഭരണകേന്ദ്രം എന്ന ആശയം പ്രാഥമികമായി അവതരിപ്പിച്ചിരുന്നു. ഏറ്റവും ആധുനികമായിട്ടുള്ള സംസ്‌ക്കരണ പ്ലാന്റാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാലക്കാട് ജില്ലയിലെ 26 പ്രാഥമിക കര്‍ഷക സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് 80 കോടി ചെലവില്‍ നെല്ല് സംഭരണ -സംസ്‌ക്കരണ കേന്ദ്രം നടപ്പാക്കുന്നത്. കണ്‍സള്‍ട്ടന്‍സിയായി നബാര്‍ഡിന്റെ നാപ്കോയാണ് ആവശ്യമായ സേവനങ്ങള്‍ നല്‍കുക. പദ്ധതി പ്രാവര്‍ത്തിമാകുന്നതോടെ സംസ്ഥാനത്തെ ആദ്യ ബൈലോ അധിഷ്ഠിത സംഭരണകേന്ദ്രമാകും കണ്ണമ്പ്രയില്‍ ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ മുന്‍ എം.എല്‍.എ സി.കെ രാജേന്ദ്രന്‍, സഹകരണ വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി,
സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ
ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോന്‍, പാപ്പ്‌കോസ് പ്രസിഡന്റ് എം. നാരായണനുണ്ണി, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അനിത ടി. ബാലന്‍, പാപ്പ്‌കോസ് വൈസ് പ്രസിഡന്റ് ചൈതന്യകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments