പട്ടാമ്പിയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രദേശത്ത് കോവിഡ് പരിശോധന തുടരുമെന്നും ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു
പട്ടാമ്പി മേഖലയിൽ ജനങ്ങൾ അനാവശ്യ ആശങ്ക ഒഴിവാക്കി സർക്കാർ നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ ഇരിക്കണമെന്ന് ഡിഎംഒ ഡോ കെ പി റീത്ത അറിയിച്ചു.
ജില്ലയിൽ രോഗവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്നും എടുത്ത ഒരാളുടെ സാമ്പിളാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ആർ .ടി .പി .സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടനുബന്ധിച്ച് ഇന്ന് വലിയ അളവിൽ പട്ടാമ്പിയിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൽ പോസിറ്റീവ് ഫലം ഉണ്ടായിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം നാളെ നടത്തുമെന്നും ഡിഎംഒ അറിയിച്ചു. വരും ദിവസങ്ങളിലും മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ, മത്സ്യവിൽപ്പനക്കാർ, മീൻ വാങ്ങിയിട്ടുള്ള വീട്ടുകാർ തുടങ്ങിയ ആളുകളിൽ പരിശോധന നടത്തും. പട്ടാമ്പി ബ്ലോക്കിലും ഗ്രാമപഞ്ചായത്തുകളിലും മത്സ്യ വിൽപ്പന നടത്തിയിട്ടുള്ള ആളുകളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയാവും വരുംദിവസങ്ങളിൽ പരിശോധന തുടരുക.
- Log in to post comments