ഏഴാം സാമ്പത്തിക സെന്‍സസ് പുരോഗമിക്കുന്നു
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പാലക്കാട് ഉള്‍പ്പെടെ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവരശേഖരണം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കോഴിക്കോട് റീജ്യണല്‍ ഓഫീസിന്റെ പരിധിയിലാണ് നടക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട സെന്‍സസ് സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു കോടിയോളം വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ദേശീയ ബിസിനസ് രജിസ്റ്റര്‍ രൂപീകരണത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ നയരൂപീകരണത്തിനും സാമ്പത്തിക സെന്‍സസ് വഴി ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയും കോവിഡ് നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും പൂര്‍ണമായി പാലിച്ചാണ് സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് നടക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ ആ പ്രദേശങ്ങളില്‍ വിവരശേഖരണം ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴിലെ സി. എസ്.സി ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സാമ്പത്തിക സെന്‍സസുമായി സഹകരിച്ച് എല്ലാവരും കൃത്യമായ വിവരം നല്‍കണമെന്ന് ഡയറക്ടറും റീജ്യണല്‍ ഹെഡുമായ എഫ്. മുഹമദ് യാസിര്‍ അറിയിച്ചു.
- Log in to post comments