കേരളത്തിൽ ഈ - വേലികൾ നിലവിൽ വരും - മന്ത്രി കെ. രാജൻ
എല്ലാ സർക്കാർ സേവനങ്ങളും വിരൽ തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾക്ക് വേണ്ടി വില്ലേജ് ഓഫീസ് നവീകരിച്ചതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയിരുന്നു മന്ത്രി.റവന്യൂ വകുപ്പ് ഒരു സേവന വകുപ്പാണ്. അതുകൊണ്ട് മറ്റ് വകുപ്പുകൾ ആവശ്യപ്പെടുന്ന സേവനങ്ങൾ ചെയ്യാൻ നിർബന്ധിതമാണ് റവന്യൂ വകുപ്പ്.ഉദ്യോഗസ്ഥരുടെ അധിക ഭാരം കുറച്ചു കൊണ്ട് സുതാര്യമായ പ്രവർത്തനം നടപ്പാക്കുകയാണ് സ്മാർട്ട് വില്ലേജിലൂടെ .ഒരു അപേക്ഷ കൊടുത്താൽ ചുവന്ന നാടയിൽ കെട്ടി കിടക്കാതെ എത്തേണ്ട സ്ഥലത്ത് എത്രയും വേഗം എത്തിക്കാൻ കഴിയുക എന്നതാണ് സ്മാർട്ട് വില്ലേജിന്റെ ലക്ഷ്യം .പരമ്പരാഗത രീതിയിൽ അടയാളപ്പെടുത്തിയ വില്ലേജുകളടക്കം ഡിജിറ്റൽ ആയി കേരളത്തെ അളക്കാൻ 1850 വില്ലേജുകളിൽ 4 വർഷക്കാലം കൊണ്ട് സർക്കാർ 758കോടി രൂപ ചിലവഴിച്ചു. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ റീ സർവ്വേ നടത്തുന്ന സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു . ഡിജിറ്റൽ റീ സർവ്വേ വരുന്നതോടെ കേരളത്തിലെ എല്ലാ വീടുകളുടെ അതിർത്തിയിലും ബെൻഡ് ചെയ്ത് കോർഡിനേറ്റ് ചെയ്യാവുന്ന ഡിജിറ്റൽ വേലി നിലവിൽ വരും - മന്ത്രി കെ. രാജൻ പറഞ്ഞു .
രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേൾ, റവന്യൂ വകുപ്പിന്റെ പോർട്ടലായ റിലീസ്, സർവ്വേ വകുപ്പിന്റെ പോർട്ടലായ ഈ - മാപ്പ് ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ട് എന്റെ ഭൂമി എന്ന പേരിൽ ഒരു പോർട്ടൽ ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
44 ലക്ഷം രൂപ ചിലവഴിച്ച് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തിയാണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്.
ചടങ്ങിൽ മാവേലിക്കര എം. എൽ. എ എം. എസ് അരുൺകുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഹരിത വി കുമാർ, , തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ :കെ. മോഹൻകുമാർ, മാവേലിക്കര നഗരസഭ ചെയർമാൻ കെ. വി ശശികുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. അജയൻ,തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ രമണി ഉണ്ണികൃഷ്ണൻ, സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ ലേഖ രാജൻ, ആലപ്പുഴ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ. ഡി. ഒ എസ്. സുമ,ഉദ്യോഗസ്ഥർ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments