കുട്ടികളിലൂടെ മാലിന്യ മുക്ത പരിസരം; രാജകുമാരി പഞ്ചായത്തില്‍ പെന്‍സില്‍ പരിശീലന പരിപാടിക്ക് തുടക്കമായി
ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യത്തോടെ പെന്‍സില്‍ പരിശീലന പരിപാടിക്ക് രാജകുമാരി പഞ്ചായത്തില്‍ തുടക്കമായി. ഹരിത കേരളം മിഷന്, കുടുംബശ്രീ മിഷന്, ശുചിത്വ മിഷന്, ആരോഗ്യ വകുപ്പ്, കില, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അവധിക്കാല ക്യാമ്പ് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്നത്.
പെന്‍സില്‍ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓരോ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും പരിശീലനം ലഭിച്ച കുടുംബശ്രീ പ്രതിനിധികള്‍ ഓരോ വാര്‍ഡിലെയും 5 കുട്ടികള്‍ക്ക് വീതം പരിശീലനം നല്‍കും. ഇത്തരത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തില്‍ മറ്റു കുട്ടികളെക്കൂടി സംഘടിപ്പിച്ച് വാര്‍ഡ് തലത്തില്‍ മാലിന്യമുക്ത പരിസരം ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. ആട്ടവും പാട്ടും അതോടൊപ്പം മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് പരിശീലനപരിപാടി തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതി, മണ്ണ്, എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുന്നുകൂടുന്ന മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങളും കവിതകളിലൂടെയൂം കഥകളിലൂടെയും അവതരിപ്പിച്ചാണ് പരീശിലനപരിപാടി മുന്നോട്ട് പോകുന്നത്.
നെടുങ്കണ്ടം ബ്ലോക്കിലെ രണ്ടാം ഘട്ട പരിശീലന പരിപാടിയാണ് രാജകുമാരി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചത്. രാജകുമാരി, രാജക്കാട്, സേനാപതി എന്നീ പഞ്ചായത്തിലെ കുടുംബശ്രീ പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഹരിതമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എസ് വിനയന്, കുടുംബശ്രീ ജില്ലാ മിഷന് നെടുംങ്കണ്ടം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അഞ്ജു മോള് വി.എസ് തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. കുടുംബശ്രീ ജില്ല റിസോഴ്സ് പേഴ്സണ്‍ ആശ സന്തോഷ്, ആന്‍സി മാത്യു, അനില പ്രദീപ്, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. നെടുങ്കണ്ടം ബ്ലോക്കിലെ പെന്‍സില്‍ പരിശീലന പരിപാടി ചൊവ്വാഴ്ച ( 14.05.2019 ) സമാപിക്കും.
- Log in to post comments