27ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
27-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ചടങ്ങിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ, മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ ജോർജ് കെ.ഐ, മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എം ജോർജ്, ബാലശാസ്ത്ര കോൺഗ്രസ്സ് ഓർഗനൈസിംഗ് കൺവീനർ ഡോ. പി ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം കോതമംഗലം സ്വദേശിയും കണ്ടെന്റ് ഡിസൈനറുമായ അനൂപ് ശാന്തകുമാർ രൂപകൽപന ചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്. കഥകളിയുടെ കേളി കൊട്ടുയരുന്ന നാട്ടിലെ ശാസ്ത്ര സമ്മേളനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
കേരളം ആദ്യമായാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് ആതിഥ്യമരുളുന്നത്. ഡിസംബർ 27 മുതൽ 31 വരെ തിരുവനന്തപുരം മാർ ഇവാനിയോസ് വിദ്യാനഗറിലാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
പി.എൻ.എക്‌സ്.4216/19
- Log in to post comments