Skip to main content

മന്ത്രിസഭാ വാര്‍ഷികം മെയ് 18 മുതല്‍, ജില്ലയില്‍ വകുപ്പുകളുടെ വിപണന പ്രദര്‍ശന മേള സംഘടിപ്പിക്കും-മന്ത്രി കെ.രാജു

 

സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികം  ബഹുജന പങ്കാളിത്തത്തോടെ ആഘോഷിക്കുമെന്ന് വനം-മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. മെയ് 18 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി മെയ് ഏഴു മുതല്‍ 13 വരെ വകുപ്പുകളുടെ വിപണന- പ്രദര്‍ശന മേള സംഘടിപ്പിക്കും. മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പും നടപ്പാക്കുന്ന വികസന ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച ബോധവല്‍ക്കരണം ക്ലാസ്സുകളും കലാ-സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമാകും. ആഘോഷപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ കൂടുതലായി ജനങ്ങളില്‍ എത്തുന്ന വിധത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാ വകുപ്പുകളുടെയും സേവനങ്ങളുടെ നേര്‍ക്കാഴ്ചയാകണം കോട്ടയത്തെ വിപണന മേളയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഘോഷ പരിപാടികള്‍ ജനകീയമായി സംഘടിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിക്കും. ഇതിനായി ജില്ലയിലെ എംപിമാര്‍,എം.എല്‍.എമാര്‍, ഗ്രാമ-ബ്ലോക്ക്-മുനിസിപ്പാലിറ്റി അധ്യക്ഷ•ാര്‍, വകുപ്പു മേധാവികള്‍ എന്നിവരുടെ യോഗം ഏപ്രില്‍ 12 വൈകിട്ട് മൂന്നിന് കോട്ടയത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു. 

വിപുലമായ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും നിയോജക മണ്ഡലങ്ങളിലും വിവിധ വകുപ്പുകളുടെ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനവും ഭരണാനുമതി കിട്ടിയിട്ടുള്ള പ്രോജക്ടുകളുടെ നിര്‍മ്മാണോദ്ഘാടനവും സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങള്‍ മെയ് രണ്ടിന് വിതരണം ചെയ്യും. ഫലവൃക്ഷ-ഔഷധസസ്യ തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി, ദാരിദ്ര്യലഘുകരണ വിഭാഗം, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യും. എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണവും മെയ് രണ്ടിന് നടത്തും. 

നാഗമ്പടം മൈതാനിയിലാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശന-വിപണന വിപണനമേള നടത്തുന്നത്. ഇതിനുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ വകുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം സ്റ്റാളുകള്‍ മേളയില്‍ ക്രമീകരിക്കും. നാടന്‍ ഭക്ഷണശാലയും കേരളത്തിന്റെ തനതുരുചിയും മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ സംബന്ധിച്ച വിശദമായ അവലോകനം മന്ത്രി നടത്തി. വനം വകുപ്പ്, കെഎഫ്ഡിസി എന്നിവയുടെ സംയുക്തസ്റ്റാളും വനശ്രീ ഉല്പന്നങ്ങളുടെ പ്രത്യേക സ്റ്റാളും മേളയില്‍ ഉണ്ടാകും. മൃഗസംരക്ഷണ വകുപ്പിന്റെ പെറ്റ് ഷോ ഉള്‍പ്പെടെയുള്ള സ്റ്റാളുകളും മേളയുടെ ഭാഗമാകും. മേളയുടെ ഒരു ദിവസം ചക്ക മഹോത്സവം ആഘോഷിക്കും. ക്ഷീരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഉല്പന്നങ്ങളുടെ വില്പനയും പ്രദര്‍ശനവും നടക്കും. കൃഷി, പട്ടികജാതി-പട്ടികവര്‍ഗ സ്വാശ്രയ സഹകരണ സംഘങ്ങള്‍, കയര്‍ ഫെഡ്, മത്സ്യഫെഡ്, എക്‌സൈസ്, ഖാദി, വനിതാ കോര്‍പ്പറഷന്‍, ആരോഗ്യം, അനെര്‍ട്ട്, കെഎസ്ഇബി, സിവില്‍ സപ്‌ളെസ്, ടൂറിസം, വ്യവസായം, പോലീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, സാമൂഹ്യസുരക്ഷ, ജലസേചനം, ഗ്രാമവികസനം, വിദ്യാഭ്യാസം, ജലഗതാഗതം, ഭക്ഷ്യസുരക്ഷ,  തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൂടാതെ സര്‍ക്കാരിന്റെ പുതിയ നാലു മിഷനുകളുടെ പ്രവര്‍ത്തനവും നേട്ടങ്ങളും വിശദമാക്കുന്ന നവകേരളം പ്രത്യേക സ്റ്റാളും സജ്ജീകരിക്കും. ഇതില്‍ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നിവ പ്രത്യേകമായി അവതരിപ്പിക്കും. അക്ഷയയുടെ എല്ലാ സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാതൃകാ അക്ഷയ കേന്ദ്രം പ്രത്യേകം സജ്ജമാക്കും. സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എസ്പിസിഎസിന്റെ പുസ്തക പ്രദര്‍ശനവും വില്പനയും മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേക പ്രദര്‍ശനം, ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ എന്നിവയുടെ ക്ലിനിക്കുകള്‍, പാമ്പാടി ആര്‍ടിഐയുടെ പ്രത്യേക സ്റ്റാള്‍ എന്നിവയും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം, ജില്ലാ ഇലക്ട്രിക്കല്‍ വകുപ്പ് എന്നിവയുടെ പ്രത്യേക സാന്നിധ്യവും മേളയിലുണ്ടാകും. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബും മേളയില്‍ ക്രമീകരിക്കും. സൗജന്യ മെഡിക്കല്‍ ക്യാമ്പും മേളയുടെ ഭാഗമാകും. വ്യവസായ വകുപ്പിന്റെ കൈത്തറി നെയ്ത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തന പ്രദര്‍ശവും മേളയെ ആകര്‍ഷകമാക്കും. 

ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ജില്ലയില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ ആമുഖമായി അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് സ്വാഗതം ആശംസിച്ചു. എ.ഡി.എം.കെ.രാജന്‍,പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  സംസാരിച്ചു.

 

 

date