Skip to main content

അമ്പലവയല്‍ മോഡല്‍ സ്ഥിരം കാര്‍ഷിക പ്രദര്‍ശന മേള കുമരകത്ത് നടപ്പാക്കും: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

 

 

തിരുവനന്തപുരം അമ്പല വയല്‍ മോഡല്‍ സ്ഥിരം കാര്‍ഷിക പ്രദര്‍ശന മേള കുമരകത്ത് നടപ്പാക്കി ജനകീയ ടൂറിസം പദ്ധതി വിപുലീകരിക്കുമെന്ന് കാര്‍ഷിക വികസനകര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍ കുമാര്‍ പറഞ്ഞു. കുമരകം ഗ്രാമ പഞ്ചായത്തും കൃഷി വിജ്ഞാന കേന്ദ്രവും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രവും ചേര്‍ന്ന് നടപ്പാക്കുന്ന കുമരകം അവധിക്കൊയ്ത്ത് കാര്‍ഷിക വിജ്ഞാന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ട്യൂഷനും അവധി ക്ലാസുകള്‍ക്കുമപ്പുറം കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും ഒന്നിച്ച് കൊണ്ടു പോകാന്‍ അവസരം നല്‍കുന്ന മികച്ച കാല്‍വെപ്പാണ് കുമരകം അവധി കൊയ്ത്ത്. കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തി കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ ജനകീയമാക്കും. കഴിഞ്ഞ  വര്‍ഷം സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ തരിശ് കൃഷി ചെയ്ത ജില്ലകളിലൊന്ന് കോട്ടയമാണ്. ഈ വര്‍ഷവും കോട്ടയത്ത് തരിശു കൃഷി തുടരും. മൂന്ന് കോടി വൃക്ഷത്തൈകള്‍ ഈ പരിസ്ഥിതി ദിനത്തില്‍ വച്ചു പിടിപ്പിക്കും. നട്ടു പിടിപ്പിക്കുക മാത്രമല്ല നട്ടു പിടിപ്പിച്ച തൈകള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും.                  

അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കുമരകം കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍, ബാംഗ്ലൂര്‍ അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍  ഡോ. എം. ജെ. ചന്ദ്ര ഗൗഡ, കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിഭാഗം  മേധാവി ഡോ. ജിജു അലക്‌സ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്  ഇന്‍ ചാര്‍ജ്ജ് ഡോ. ഡി.വി. എസ് റെഡ്ഢി, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സലിമോന്‍, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ജി ജയലക്ഷ്മി, മറ്റു ഉദ്ദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഒരു പകല്‍ മുഴുവന്‍ കുമരകത്ത് വിജ്ഞാനത്തിനും വിനോദത്തിനുമായി ചെലവഴിക്കാനാകുന്ന വിധമാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. കൃഷി അറിവുകള്‍ പങ്കിടുന്നതിനും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിനും വേമ്പനാട് കായലിന്റെ തീരത്ത് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും അവസരമുണ്ട്. കയര്‍ ഭൂവസ്ത്രമുപയോഗിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയെടുത്ത ജലാശയ മാതൃകകള്‍, കാര്‍ഷികയന്ത്രങ്ങള്‍, നാടന്‍ മത്സ്യങ്ങളുടെ ശേഖരം, കുട്ടികള്‍ക്കായുള്ള വിനോദ ഇടങ്ങള്‍, കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണശാലകളും മേളയെ ശ്രദ്ധേയമാക്കും. 

                                                     (കെ.ഐ.ഒ.പി.ആര്‍-661/18)

 

date