അംഗപരിമിതര്‍ക്ക് പ്രത്യേക പരിഗണന നല്‍കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അംഗപരമിതര്ക്ക് ജില്ലാ പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കോട്ടയം ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി അംഗപരിമിതര്‍ക്ക് സ്കൂട്ടര്‍ വിത്ത് സൈഡ്വീല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടത്തിയ പദ്ധതിയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്കൂട്ടര്‍ വിതരണം നടത്തുന്നത്. ഓരോ വര്‍ഷവും 50 ലക്ഷം രൂപയുടെ വീതം ഒന്നരക്കോടി രൂപ ചെലവിട്ട് 225 സ്കൂട്ടറുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 75 സ്കൂട്ടറുകളാണ് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്കുന്ന പദ്ധതിയാണിത്. അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തുന്നത്. കോട്ടയത്തെ സ്ത്രീ-ബാല-വികലാംഗ ക്ഷേമ ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യം. - പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.സണ്ണി പാമ്പാടി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശശികലാനായര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബെറ്റി റോയ് മണിയങ്ങാട്ട്, അംഗങ്ങളായ പി.സുഗതന്, അനിതാ രാജു, ലിസമ്മ ബേബി, ജയേഷ് മോഹന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ചാര്‍ജ് ആശാമോള്‍ കെ.വി എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്-654/18)
- Log in to post comments