പുരാരേഖാ സംരക്ഷണത്തിന് ആദ്യ ഗഡുവായി പതിനഞ്ചു കോടി അനുവദിച്ചു: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
*മധ്യവേനല്‍ അവധി ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
മണ്‍മറഞ്ഞ കാലത്തിന്റെ ചൈതന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പുതുതലമുറയ്ക്ക് അറിവു പകരേണ്ടത് അനിവാര്യമാണെന്നും താളിയോലകളും ചരിത്ര രേഖകളും സംരക്ഷിക്കുന്നതിന് ആദ്യഗഡുവായി സര്‍ക്കാര്‍ പതിനഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എഴുത്താണി മധ്യവേനല്‍ അവധി ക്യാമ്പ് സെന്‍ട്രല്‍ ആര്‍കൈവ്‌സ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താളിയോലകളും താളിയോല ഗ്രന്ഥങ്ങളും നമ്മുടെ പൗരാണികതയുടെ ഭാഗമാണ്. അവ നശിക്കാതെ ശാസ്ത്രീയമായി സംരക്ഷിക്കേണ്ടതെങ്ങനെയെന്ന് പുതിയ തലമുറ പരിചയപ്പെടണം. വിദ്യാലയങ്ങളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
നാലാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പ്രവേശനം. ചരിത്രത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള വിദഗ്ധരുടെ ക്ലാസുകള്‍, പ്രാചീന ലിപിമാതൃകകള്‍ പരിചയപ്പെടുത്തല്‍, താളിയോലയില്‍ നാരായം കൊണ്ട് എഴുതുന്ന ആലേഖന രീതി പരിചയപ്പെടുത്തല്‍, ആര്‍കൈവ്‌സ് സന്ദര്‍ശനം, ചരിത്ര മ്യൂസിയം സന്ദര്‍ശനം, പുരാരേഖകളും വസ്തുക്കളും സംരക്ഷിക്കുന്നതില്‍ പരിശീലനം എന്നിവയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള, സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി.ബിജു, സെന്‍ട്രല്‍ ആര്‍കൈവ്‌സ് സൂപ്രണ്ട് എല്‍. അനി തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1477/18
- Log in to post comments