Skip to main content

മന്ത്രിസഭാ വാര്‍ഷികം: ഉണര്‍വിന്റെ  അടയാളമായി കാര്‍ഷികമേള ഒരുക്കും     

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന മെഗാ എക്‌സിബിഷനോടനുബന്ധിച്ച് കാര്‍ഷിക കേരളത്തിന്റെ ഉണര്‍വിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന വിപുലമായ കാര്‍ഷികമേള ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചു. മെയ് 16 മുതല്‍ 23 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് മെഗാ എക്‌സിബിഷന്‍. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉതകുന്ന പവലിയനുകള്‍ ഒരുക്കും. വിവിധ കാര്‍ഷിക സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. ജില്ലയിലെ തനത് നെല്‍വിത്തിനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയുടെ ആകര്‍ഷണമാവും. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികരംഗത്ത് മുന്നേറ്റത്തിനുതകുന്ന കൃഷിരീതികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടാകും. കാര്‍ഷിക വിജയഗാഥകള്‍ എന്ന വിഷയത്തില്‍ മികച്ച നേട്ടം കൈവരിച്ചവരെ പങ്കെടുപ്പിച്ച് സെമിനാറും അനുഭവം പങ്കിടലും നടത്തും.
    ഉപസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഉപസമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. ഓമന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബീന സുകുമാരന്‍, സി.എ.ഡി.സി.പി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

date