Skip to main content
കാറ്റില്‍ നൂറ്റമ്പതോളം കുലച്ചനേന്ത്രവാഴകള്‍ നശിച്ച പനയാല്‍ കായക്കുന്ന് പാറ്റിയന്‍വീട് പി.കുഞ്ഞിരാമന്റെ കൃഷിസ്ഥലം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചപ്പോള്‍. കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സമീപം. 

ജില്ലയില്‍ കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍              മന്ത്രി ഇ.ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു

    കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും വ്യാപകനാശമുണ്ടായ പെരിയ, പനയാല്‍, കൊളത്തൂര്‍ വില്ലേജുകളിലെ വിവിധപ്രദേശങ്ങള്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പെരിയ, പനയാല്‍ വില്ലേജുകളില്‍ ഇന്നലെ(എപ്രില്‍ 21) രാവിലെയും കൊളത്തൂരില്‍ വൈകിട്ടുമാണ് മന്ത്രി സന്ദര്‍ശിച്ചത്.  പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ വ്യാപക കൃഷിനാശം സംഭവിച്ച ആയംപാറ, വില്ലാരംപതി, ആയംകടവ്, കാനത്തില്‍ കോളനി, ബെന്നൂര്‍ എന്നിവിടങ്ങളിലും  പനയാല്‍ വില്ലേജിലെ പനയാല്‍ കായക്കുന്ന്, ഈലടുക്കം, ബങ്ങാട്, ദേവന്‍പൊടിച്ച പാറ, കരിച്ചേരി, മൊട്ടനടി, കാട്ടിയടുക്കം, വെള്ളാക്കോട് എന്നിവിടങ്ങളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, കാഞ്ഞങ്ങാട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍, ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 
    പെരിയ വില്ലേജില്‍ വാഴ, കവുങ്ങ്, തെങ്ങ്, റബര്‍ എന്നിവയ്ക്കാണ് കൂടുതല്‍ നാശം നഷ്ടമുണ്ടായിരിക്കുന്നത്. ഇവിടെ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുന്നൂറോളം കര്‍ഷകര്‍ക്ക്  26 ലക്ഷം രൂപയുടെ കാര്‍ഷിക നാശനഷ്ടം സംഭവിച്ചതായി കൃഷിവകുപ്പ് കണക്കാക്കുന്നു. വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വീടുകള്‍ തകര്‍ന്നതില്‍ 1.80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാശനഷ്ടമുണ്ടായവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് എത്രയും പെട്ടന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഓരോരുത്തര്‍ക്കുമുണ്ടായ നഷ്ടത്തിനനുസരിച്ചു പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്ന് പരമാവധി നഷ്ടപരിഹാരം നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും മന്ത്രി നിര്‍ദേശിച്ചു. 
    പനയാല്‍ വില്ലേജില്‍ 45 വീടുള്‍ക്കാണ് ശക്തമായ കാറ്റിലും ഇടിമിന്നലിലും ഭാഗികമായി കേടുപാടുകള്‍ ഉണ്ടായത്. പല വീടുകളുടെയും ഓടുകളും ഷീറ്റുകളും ശക്തമായ കാറ്റില്‍ പറന്നുപോയി.  10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇടിമിന്നലില്‍ ഭാഗികമായി വീടുതകര്‍ന്ന് പരുക്കേറ്റ ദേവന്‍പൊടിച്ച പാറയില്‍ മാലടുക്കവീട്ടില്‍ ജയന്തി(68)യുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. ഇടിമിന്നലില്‍ ജയന്തിയുടെ വീടിന്റെ ആസ്ബറ്റോസ് തകര്‍ന്നു. ഇടിമിന്നലിന്റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട ജയന്തിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുന്ന ജയന്തി ഇടമിന്നലിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതയായിട്ടില്ല. 
    പനയാല്‍ വില്ലേജില്‍ 4800 കുലച്ച നേന്ത്രവാഴകളാണ് കാറ്റില്‍ നിലംപതിച്ചത്.  അഞ്ഞൂറോളം കുലയ്ക്കാത്ത വാഴകളും നശിച്ചിട്ടുണ്ട്. 185 തെങ്ങ്,600 കവുങ്ങ്, 72 റബര്‍, 12 കശുമാവ് എന്നിവയും കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ നശിച്ചു. മൊത്തം 21,42,100 രൂപയുടെ കാര്‍ഷിക നഷ്ടമാണ് പനയാല്‍ വില്ലേജില്‍ മാത്രം ഉണ്ടായിരിക്കുന്നത്. 
    കൊളത്തൂര്‍ വില്ലേജില്‍ കാറ്റിലും മഴയിലും 43 വീടുകള്‍ക്കാണ് തകരാര്‍ സംഭവിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 10.5 ലക്ഷം രൂപയുടെ കൃഷിനാശവും കണക്കാക്കുന്നു. കവുങ്ങ്-500, വാഴ-ആയിരം, കശുമാവ്-80, തെങ്ങ്-150, കുരുമുളക്-50, റബര്‍-ആയിരത്തോളം എന്നിവയാണ് നാശനഷ്ടമുണ്ടായവയുടെ കണക്ക്. 

date