Skip to main content

ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരമാകുന്നു സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനികളിലൊന്നായ ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ചിങ്കക്കല്ല് ഗിരിജന്‍ കോളനിയിലെ ഭൂമി പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടിയാകുന്നു. നിലമ്പൂരില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്. 55 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ഭൂമി അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സാധിക്കുന്നില്ലെന്ന പരാതി വാര്‍ഡ് അംഗം ഷാഹിന ഗഫൂര്‍ തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. ചിങ്കങ്കല്ല് കോളനിയിലെ ഗീത, സരോജിനി, ചെറിയ കുറുമ്പി എന്നിവരും മന്ത്രിയെ കാണാന്‍ എത്തിയിരുന്നു. വിഷയം പഠിച്ച് ഉടന്‍ പരിഹാരം കാണാന്‍ മന്ത്രി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിര്‍ദേശം നല്‍കി.

കോളനിയില്‍ വൈദ്യുതി ലഭ്യതയും കുടിവെള്ള സൗകര്യവും ഉറപ്പ് വരുത്തണമെന്നും വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നും പുതു തലമുറക്കായി സാംസ്‌ക്കാരിക നിലയം ഒരുക്കണമെന്നുമുള്ള ആവശ്യങ്ങളും കോളനി നിവാസികള്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. മുഴുവന്‍ ആവശ്യങ്ങളും ശ്രദ്ധയോടെ കേട്ട മന്ത്രി ആദിവാസികളുടെ പ്രശ്ന പരിഹാരത്തിന് പട്ടിക വര്‍ഗ്ഗ വകുപ്പുമായി ബന്ധപ്പെട്ട് അതിവേഗ നടപടികളുണ്ടാകുമെന്ന്  ഉറപ്പ് നല്‍കി.

date