Skip to main content

നിലമ്പൂര്‍ ആസ്ഥാനമായി പുതിയ പോലീസ് സബ് ഡിവിഷണല്‍ ഓഫീസ് : ഉത്തരവായി

നിലമ്പൂര്‍ ആസ്ഥാനമായി പുതിയ പോലീസ് സബ് ഡിവിഷണല്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ഉത്തരവായി. മാവോയിസ്റ്റ് ഭീഷണി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് നിലമ്പൂരില്‍ പോലീസ് ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. 14 പോലീസ് സ്റ്റേഷനുകളുള്ള  പെരിന്തല്‍മണ്ണ ഡിവിഷന്‍ വിഭജിച്ചാണ് നിലമ്പൂര്‍ സബ് ഡിവിഷന്‍ വരുന്നത്.

മാവോയിസ്റ്റ് ഭീഷണി ശക്തമായ മേഖലയില്‍ പോലീസിന്റെ കൃത്യ നിര്‍വഹണം ഇതോടെ ലഘൂകരിക്കപ്പെടും. സംസ്ഥാനത്ത് തന്നെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ആദ്യമായി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് നിലമ്പൂര്‍ കരുളായി വനത്തിലാണ്. മേഖലയിലെ നിലമ്പൂര്‍, എടക്കര,പോത്തുകല്ല്, വഴിക്കടവ്,  പൂക്കോട്ടുംപാടം, കാളികാവ്, സ്റ്റേഷനുകളില്ലെല്ലാം മാവോയിസ്റ്റ്  ഭീഷണി നേരിടുന്നുണ്ട്. മാവോയിസ്റ്റ് രക്ത സാക്ഷി ദിനത്തിലുള്‍പ്പെടെ പല സമയങ്ങളില്‍ ഈ സ്റ്റേഷനുകള്‍ക്കെല്ലാം പ്രത്യേക സുരക്ഷയും ഒരുക്കാറുണ്ട്. സ്റ്റേഷുകള്‍ക്ക് സ്ഥിരമായി സുരക്ഷാ സംവിധാനവുമുണ്ട്.ജില്ലയില്‍ ആദിവാസികള്‍ കൂടുതലുള്ളതും നിലമ്പൂര്‍ മേഖലയിലാണ്. ആദിവാസി സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതും ഡിവിഷണല്‍, ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ മാത്രമേ സാധിക്കൂ. ആദിവാസികളുടെ പ്രത്യക അസ്വാഭിവിക  മരണം സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കേണ്ടതും ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോട്ട നടപകള്‍ പൂര്‍ത്തീകരിക്കേണ്ടതും ഡി വൈ എസ് പി, എസ് പി തുടങ്ങിയവരുടെ നേതൃത്വത്തിലേ നടത്താനാവൂ.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന നാടുകാണി ചുരവും പുതിയ നിലമ്പൂര്‍ സബ് ഡിവിഷന്റെ ഭാഗമാവും. പ്രകൃതി ദുരന്തങ്ങളും  നിലമ്പൂരില്‍ കൂടുതലാണ്. കവളപ്പാറ പ്രകൃതി ദുരന്തകാലത്ത് ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ ഇവിടെ ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.  

നിലമ്പൂരിന് പുറമെ താനൂര്‍, കൊണ്ടോട്ടി എന്നിവടങ്ങളിലും പോലീസ് സബ് ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുന്നുണ്ട്. തീരദേശ ക്രമസമാധാനവും കടല്‍ക്ഷോഭമടക്കമുള്ളവയും പരിഗണിച്ചാണ്   താനൂര്‍ കേന്ദ്രീകരിച്ച് സബ് ഡിവിഷന്‍ രൂപീകരിക്കുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട്, ദേശീയ പാതയിലെ ഗതാഗത നിയന്ത്രണം കോഴിക്കോട് സര്‍വ്വകലാശാല തുടങ്ങിയവ കൊണ്ടോട്ടി സബ് ഡിവിഷന് കീഴിലാവും.

date