Skip to main content

മങ്കട സി.എച്ച്.സി പുതിയ കെട്ടിടോദ്ഘാടനം ഇന്ന്

മങ്കട സി.എച്ച്.സിയില്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18)  ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം അധ്യക്ഷനാകും.മങ്കട മണ്ഡലത്തില്‍ കിടത്തി ചികിത്സയുള്ള ഏക ആശുപത്രിയായ മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിലവിലെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ ഒരു നിലയും ഫാര്‍മസി കെട്ടിടത്തിന് മുകളില്‍ രണ്ട് നിലകളുമാണ് നിര്‍മിച്ചിരിക്കുന്നത്. 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
 

ഒരുദിവസം 800 ഓളം പേരാണ് ചികിത്സക്കായി മങ്കട സി.എച്ച്.സിയില്‍ എത്തുന്നത്. ശിശുരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം, ജനറല്‍ ഒപി എന്നീ വിഭാഗങ്ങളിലായി അഞ്ച് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ ഒ.പി വിഭാഗം, ഫാര്‍മസി, ലാബ്, കിടത്തി ചികിത്സ തുടങ്ങിയ സൗകര്യങ്ങളാണ് സി.എച്ച്.സിയിലുള്ളത്. കോവിഡ് പരിശോധനയും ആശുപത്രിയില്‍ നടന്നു വരുന്നുണ്ട്. മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിനായി നല്‍കിയ മാസ്റ്റര്‍ പ്ലാനിന്  കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി രൂപ ഭരണാനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള വികസന പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date