Skip to main content

ജില്ല തിരഞ്ഞെടുപ്പിന് സജ്ജം; ഒരുക്കം പൂർത്തിയായി

 

ഏപ്രിൽ ആറിനു നടക്കുന്ന നിയമസഭ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ല കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. സുതാര്യവും നീതി പൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.  വോട്ടെടുപ്പ് ഏപ്രിൽ 6 ന് രാവിലെ ഏഴ് മണിമുതൽ  രാത്രി ഏഴ് മണിവരെയാണ്. ഇതിൽ വൈകിട്ട് ആറ് മുതൽ ഏഴ് മണിവരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ള അവസരമാണ്. കോവിഡ് മാർഗരേഖകൾ പൂർണമായും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടക്കുക. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 60 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
അരൂർ-9, ചേർത്തല-8, ആലപ്പുഴ-6, അമ്പലപ്പുഴ-6, കുട്ടനാട്-5, ഹരിപ്പാട്-5, കായംകുളം-8, മാവേലിക്കര-6, ചെങ്ങന്നൂർ-7 വീതം സ്ഥാനാർഥികളുണ്ട്. 
ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നാല് പൊതു നിരീക്ഷകരെയും മൂന്ന് ചെലവ് നിരീക്ഷകരെയും ഒരു പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടർമാർ 17,68,296
ആകെ വോട്ടർമാർ മാർച്ച് ആറിലെ കണക്ക് പ്രകാരം 17,68, 296 ആണ്. ഇതിൽ പുരുഷവോട്ടർമാർ 843748 ഉം സ്ത്രീവോട്ടർമാർ 924544 ഉം ആണ്. നാല് ട്രാൻസ് ജെൻഡേഴ്‌സും ഉണ്ട്. ഡിസംബർ 20 ലെ കണക്ക് പ്രകാരം സർവീസ് വോട്ടർമാർ  7641 പേരും  എൻ.ആർ.ഐ വോട്ടർമാർ 1836 ഉം ആണ്. സർവീസ് വോട്ടർമാരിൽ 7321 പുരുഷൻമാരും 320 സ്ത്രീകളുമാണ്. എൻ.ആർ.ഐ വോട്ടർമാരിൽ 1549 പുരുഷൻമാരും 287 സ്ത്രീകളുമാണ്. 
കന്നി വോട്ടർമാരുടെ എണ്ണം 23,709 ആണ്. ശാരീരിക വെല്ലുുവിളി നേരിടുന്ന വോട്ടർമാരുടെ എണ്ണം21,000 ഉം 80 വയസ്സിന് മുകളിലുള്ള വോട്ടർമാരുടെ എണ്ണം 50,807 ഉം ആണ്. 
തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച 80+, പി.ഡബ്ല്യൂ.ഡി, അവശ്യ സർവീസ് ആബ്‌സന്റീ വോട്ടേഴ്‌സ് വിഭാഗത്തിൽ വീടുകളിൽ എത്തിയത് വഴി വോട്ട് ചെയ്തത്  29268 പേരാണ്. 31126 പേർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തിരുന്നു. 
സർവീസ് വോട്ടർമാർ 74 പേരും പോളിങ് സ്റ്റാഫ് 1150 പേരും ഇതുവരെ പോസ്റ്റൽവോട്ട് ചെയ്തിട്ടുണ്ട്. 

ഒരു പോളിങ് ബൂത്തിൽ 1000 വോട്ടർ

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒരു പോളിങ് ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആക്കിയിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1705 പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2643 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 938 അഡീഷണൽ ഓക്‌സിലറി ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ഥല പരിമിതിയുള്ള 30 ഇടത്ത് താൽക്കാലിക കെട്ടിടങ്ങൾ നിർമിച്ചാണ് ഓക്‌സിലറി പോളിങ് ബൂത്തുളാക്കിയത്. ജില്ലയിൽ 9 വീതം സ്ത്രീ സൗഹൃദ, മാതൃകാ പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. 
ജില്ലയിൽ 151 സെൻസിറ്റീവ് പോളിങ് ബൂത്തുകളും 50 ക്രിറ്റിക്കൽ പോളിങ് ബൂത്തുകളും ഉണ്ട്. ക്രിറ്റിക്കൽ പോളിങ് ബൂത്തുകളിൽ 103 മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറയും കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. പോളിങ് സുഗമമാക്കുന്നതിനായി 261 സെക്ടറൽ ഓഫീസർമാരെ മജിസ്റ്റീരിയൽ അധികാരത്തോടെ നിയോഗിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം 1206 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുള്ള കൺട്രോൾറൂം കളക്ട്രേറ്റിലാണ് പ്രവർത്തിക്കുന്നത്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 12,157 ഉദ്യോസ്ഥർ

12,157 പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കെല്ലാം വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. 1827 വാഹനങ്ങളും 33 ബോട്ടുകളും പോളിങ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അങ്കനവാടി വർക്കർമാർ, അങ്കനവാടി ഹെൽപ്പർ, ആശ വർക്കർമാർ, ഓഫീസ് അസിസ്റ്റൻറുമാർ എന്നിവരെ നിയോഗിച്ച് ഓരോ പോളിങ് ബൂത്തിലും മൂന്നുവീതം വോളണ്ടിയർമാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. തെർമൽ സ്‌കാനിങ്ങിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് ഇവരെ ഉപയോഗിക്കുന്നത്.  

പോളിങ് ബൂത്തിലെ സൗകര്യങ്ങൾ

 ഭിന്നശേഷിക്കാർക്ക് പോളിങ് ബൂത്തുകളിൽ എത്തി വോട്ട് ചെയ്യുന്നതിനായി വാഹനം, വീൽ ചെയർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പരസ്യ പ്രചാരണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിക്കും. കലാശക്കൊട്ട് അനുവദിക്കുന്നതല്ല. 

ഡ്രൈ ഡേ
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യ നിരോധനം.

സ്വീകരണ വിതരണ കേന്ദ്രങ്ങൾ, സ്‌ട്രോങ് റൂം

അരൂർ-എൻ.എസ്.എസ് കോളജ് പള്ളിപ്പുറം
ചേർത്തല- സെന്റ് മൈക്കിൾസ് കോളജ് ചേർത്തല
ആലപ്പുഴ-എസ്.ഡി.വി.സ്‌കൂൾ ആലപ്പുഴ
അമ്പലപ്പുഴ-സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ
കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം
ഹരിപ്പാട്-ഗവ.ബോയ്‌സ് എച്ച്.എസ്.എസ്.ഹരിപ്പാട്
കായംകുളം-ടി.കെ.എം.കോളജ് നങ്ങ്യാർകുളങ്ങര
മാവേലിക്കര-ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്.മാവേലിക്കര
ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ

തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖല ജീവനക്കാരുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന് കീഴിൽ ആർ.ജി.ഐ നൽകുന്ന സ്മാർട് കാർഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാർഡ്, തൊഴിൽ മന്ത്രാലയം  നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്,ഫോട്ടോ പതിപ്പിച്ച പെൻഷൻ തിരിച്ചറിയൽ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് കമ്മീഷനംഗീകരിച്ച രേഖകൾ.

ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവ്, ജില്ല ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ. മോബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

date