Skip to main content

പോളിങ്  ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കുടുംബശ്രീ

ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന പോളിങ്  ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീ പെയ്‌മെന്റ് അടിസ്ഥാനത്തില്‍ ഏറ്റെടുക്കും. പോളിങ് പേഴ്‌സണല്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ  ആഭിമുഖ്യത്തില്‍ ഭക്ഷണം,  യാത്രാസൗകര്യങ്ങള്‍,  അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിന്റെ  ഭാഗമായാണ് കുടുംബശ്രീ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഓരോ ബൂത്തിലും ഓരോ കുടുംബശ്രീ  പ്രവര്‍ത്തകയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ചുമതലയുള്ള കുടുംബശ്രീ പ്രവര്‍ത്തക തെരഞ്ഞെടുപ്പിന്റെ  തലേദിവസം ബൂത്തിലെത്തി ഓര്‍ഡര്‍ സ്വീകരിക്കും.

ഏപ്രില്‍ അഞ്ചിന് വൈകീട്ട് 4:30 മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് വൈകീട്ട് നാലു വരെയുള്ള ചായ, സ്‌നാക്‌സ്, രാത്രി ചപ്പാത്തി അല്ലെങ്കില്‍ ചോറ് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ഊണ് (മീന്‍ ഉള്‍പ്പെടെ) എന്നിവ സാധാരണ നിരക്കില്‍ ലഭ്യമാക്കും. ആവശ്യമെങ്കില്‍ ഭക്ഷണം പാര്‍സല്‍ നല്‍കുകയും ചെയ്യും. ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കും. പ്ലാസ്റ്റിക്, പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഒഴിവാക്കുകയും ഭക്ഷണ അവശിഷ്ടങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ സംസ്‌കരിക്കുകയും ചെയ്യും. രാത്രി ഭക്ഷണത്തിനും പ്രഭാത ഭക്ഷണത്തിനും 45 രൂപ, ഊണിന്  60 രൂപ, ചായ-സ്‌നാക്‌സ് 15 രൂപ എന്നിങ്ങനെയാണ് കുടുംബശ്രീ ജില്ലാമിഷന്‍ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ ഓര്‍ഡറുകള്‍ക്ക് പ്രത്യേക തുക ഈടാക്കും.
 

എല്ലാ പോളിങ് ബൂത്തുകളിലും ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ള ലഭ്യതയും അതത് ബൂത്ത് ഏരിയകളിലെ അങ്കണവാടി പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തും.  വിതരണ സ്വീകരണ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തും. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍  ആവശ്യമുള്ളിടത്ത് സൂചന ബോര്‍ഡുകളും സ്ഥാപിക്കും.

date