Skip to main content

തടസങ്ങളില്ലാത്ത പ്രതിരോധം;   തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഏകോപനത്തില്‍ സമഗ്ര കര്‍മ്മ പദ്ധതി

 

എറണാകുളം: കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ തടസങ്ങളില്ലാത്തതും സമഗ്രവുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ എന്നിവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍ണ്ണായകമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയത്. ഈ മാതൃക പിന്തുടര്‍ന്നായിരിക്കും ജില്ലയിലെ പ്രവര്‍ത്തനം. ഇതിനായി ഓരോ പ്രാദേശിക ഭരണ സമിതികളുടെ നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഇതിന്റെ ആദ്യ ഘട്ടമായി വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി. അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍, ജെഎച്ചഐമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ പുനസംഘടിപ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയാകും സമിതികള്‍ രൂപീകരിക്കുക. 

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ഡൊമിസില്‍ കെയര്‍ സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ഉടന്‍ ആരംഭിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നല്‍കും. ഇത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും പൂര്‍ത്തിയാക്കും. വാര്‍ഡ് തല സമിതികള്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് ബോധവത്കരണവും ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഗൃഹസന്ദര്‍ശനം.  

വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തും. എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വാര്‍ഡ്തല സമിതികള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ബോധവത്കരണ പരിപാടികള്‍ വിപുലമാക്കും. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയില്‍ എല്ലാവരും വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്താനും ജനങ്ങളെ പ്രേരിപ്പിക്കണം. 

വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന വിധത്തിലുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ഓരോ തദ്ദേശ സ്ഥാപനങ്ങളും ഉറപ്പാക്കണം. പഞ്ചായത്തുകളിലെ ഓരോ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് ജനപ്രതിനിധികള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ആദ്യഘട്ടത്തിലെ ജാഗ്രത തുടരും. രോഗവ്യാപന സാധ്യത ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും. മാലിന്യ നീക്കത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായ ഇടപെടലുണ്ടാകും. 

കമ്മ്യൂണിറ്റി കിച്ചന്‍ പോലുള്ള സംവിധാനങ്ങള്‍ ആവശ്യം വരുന്ന ഘട്ടത്തില്‍ ആരംഭിക്കും. ഇതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. ഇത്തരം പ്രവര്‍ത്തങ്ങള്‍ അടിത്തട്ടില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞാലേ കോവിഡ് പ്രതിരോധം സാധ്യമാകൂ. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമമമായ ഇടപെടലുണ്ടാകണമെന്നും യോഗം വിലയിരുത്തി. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി ഇവിടെയുള്ള ആശുപത്രികളിലെ ഐസിയു വില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ ശേഖരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ ഇടപെടലുണ്ടാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ യോഗത്തില്‍ അറിയിച്ചു. 

ജില്ലയില്‍ 3333 ഓക്‌സിജന്‍ ബെഡുകള്‍ തയാറാക്കിയതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആയിരം ഓക്‌സിജന്‍ ബെഡുകള്‍ കൂടി അധികമായി തയാറാക്കി വരികയാണ്. 12,000 ബെഡുകളാണ് സ്വകാര്യ ആശുപത്രികളിലടക്കം ജില്ലയില്‍ സജ്ജമായിട്ടുള്ളത്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും. ജില്ലയിലെ 20% ജനസംഖ്യയ്ക്ക വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു. 7.25 ലക്ഷം വാക്‌സിനുകളാണ് വിതരണം ചെയ്തത്. വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. ജില്ലയില്‍ മൈക്രോ കണ്‍ടെയ്ന്‍മെന്റ്് സോണ്‍ സ്ട്രാറ്റജിയാണ് പിന്തുടരുന്നത്. ഓക്‌സിജന്‍ സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കളക്ടര്‍ അറിയിച്ചു. പത്തു ദിവസത്തിനകം കോവിഡ് വ്യാപന നിരക്ക കുറയ്ക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു. 

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ എഫ്എല്‍ടിസികള്‍ സജ്ജമാക്കുന്നതിന് നടപടി ആരംഭിച്ചതായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അറിയിച്ചു. മട്ടാഞ്ചേരി, പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളില്‍ എഫ്എല്‍ടിസികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരെ ചുമതലപ്പെടുത്തിയാല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകും. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടു ദിവസത്തിനകം 13500 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കൂടുതല്‍ വാക്‌സിന്‍ ലഭിച്ചാല്‍ വിതരണവും പൂര്‍ത്തിയാക്കാനാകും. എഫ്എല്‍ടിസികള്‍ക്കായി എട്ട് കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ തലത്തിലുള്ള യോഗം എല്ലാ ദിവസവും ചേരുന്നുണ്ടെന്നും മേയര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. 

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ യോഗത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, അഡീഷണല്‍ ഡിഎംഒയും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസറുമായ ഡോ. ശ്രീദേവി, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. ശിവദാസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

date