Skip to main content

മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചു

 

എറണാകുളം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ബിപിസിഎല്ലില്‍ നിന്നാരംഭിച്ചു. കൊച്ചി റിഫൈനറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുള്ള ആദ്യ പാഴ്‌സല്‍ ട്രക്ക് ഫഌഗ് ഓഫ് ചെയ്തു. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യതയില്‍ കുറവ് വരാതിരിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ആരംഭിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ ഓക്‌സിജന്‍ സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 1.5 ടണ്‍ ഓക്‌സിജനാണ് ദിനംപ്രതി വിതരണം ചെയ്യുക. 2.5 ടണ്‍ വരെ പ്രതിദിനം വിതരണം ചെയ്യാന്‍ കമ്പനിക്ക് കഴിയും. എയര്‍ പ്രൊഡക്ട്‌സുമായി സഹകരിച്ചാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. പിവിഎസ്, സിയാല്‍ സിഎഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷം കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ 46 ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് കമ്പനി വിതരണം ചെയ്തത്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക വിതരണം ചെയ്യുന്നതിനായി 20 ടണ്‍ ഓക്‌സിജനാണ് കമ്പനിയുടെ ശേഖരത്തിലുള്ളത്. സൗജന്യമായാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്. 

കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് ഡോ.ആര്‍. വേണുഗോപാല്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ സൂരജ് കൃഷ്ണന്‍, എയര്‍ പ്രൊഡക്ട്‌സ് ഫാക്ടറി മാനേജര്‍ ജയ്ശങ്കര്‍ കൃഷ്ണന്‍, ഐഎംഎ പ്രസിഡന്റ് ഡോ. രവി, മുന്‍ ഡിഎംഒ ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

date