Skip to main content

പച്ചത്തുരുത്തുകള്‍ക്ക് രണ്ടു വയസ് 

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച പച്ചത്തുരുത്ത് സംരംഭത്തിലെ ആദ്യ പച്ചത്തുരുത്തിന് രണ്ടു വയസ്. 2019 ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തിലാണ് പച്ചത്തുരുത്ത് തുടക്കമിട്ടത്. അന്ന് തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ഗ്രാമപഞ്ചായത്തില്‍ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീര്‍മാതളം തൈ നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് സെന്റ് സ്ഥലത്ത് ഇപ്പോള്‍ നിബിഡമായി ചെടികള്‍ വളര്‍ന്ന് മാതൃകാ പച്ചത്തുരുത്തായി മാറിയിട്ടുണ്ട്. 

28 ഇനം വൃക്ഷങ്ങളും 40 ഔഷധ സസ്യങ്ങളും 15 ഇനം വള്ളിച്ചെടികളും കുറ്റിച്ചെടികളും പടര്‍ന്ന് വളരുന്ന ചെടികളുമാണ് ഇവിടെയുള്ളത്. ഇതിന്റെ ചുറ്റുമുള്ള ജൈവ വേലിയില്‍ ചെമ്പരത്തി, മയിലാഞ്ചി, കരിന്നൊച്ചി, ആടലോടകം തുടങ്ങിയ ചെടികളാണ്. ഉള്ളിലെ ഒരു ചെറു മുളങ്കൂട്ടത്തിന്റെ ചില്ലയില്‍ ഇടയ്ക്ക് ഒരു പക്ഷിക്കൂട് ഉണ്ടായിരുന്നു. പക്ഷികളും ശലഭങ്ങളും വിവിധ ഇനം കൂണുകളും വള്ളികളുമായി ഒരു ചെറു ജൈവ വൈവിധ്യം ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്.  രാത്രി പക്ഷികള്‍ ചേക്കേറുകയും പുലര്‍കാലത്ത് പറന്നുപോകുകയുമാണ് ഇവിടെ. കേരളത്തിന്റെ പ്രകൃതിദത്ത മൂലധനത്തിലേയ്ക്കുള്ള സാര്‍ത്ഥകമായ കൂട്ടിച്ചേര്‍ക്കലുകളാണ് ഇതിനകം വിവിധ ഇടങ്ങളിലായി പൂര്‍ത്തീകരിച്ച 1400-ലധികം വരുന്ന പച്ചത്തുരുത്തുകള്‍. കേവലം വൃക്ഷവല്‍ക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാനും പരിപാലിക്കാനും പ്രത്യേകം ശ്രദ്ധ ഈ സംരംഭത്തില്‍ നിഷ്‌കര്‍ച്ചിട്ടുണ്ട്. പ്രകൃതി പുനഃസ്ഥാപന പ്രക്രിയയിലെ ജനകീയ ഉദ്യമമാണ് ഈ പച്ചത്തുരുത്തുകള്‍. അര സെന്റ് മുതല്‍ എത്ര ഭൂമി വരെയും പച്ചത്തുരുത്തിനായി ഉപയോഗിക്കാമെന്ന സമീപനമാണ് ഹരിതകേരളം മിഷന്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഒപ്പം പ്രാദേശിക ജൈവ വൈവിധ്യത്തിന് മുന്തിയ പരിഗണനയും.

ലോക പരിസ്ഥിതി ദിനത്തില്‍ ഇതുവരെ നാം നേരിട്ട പരിസ്ഥിതി ദുരന്തങ്ങളില്‍നിന്നുള്ള അനുഭവ പാഠങ്ങളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇതില്‍നിന്ന് രൂപപ്പെടുത്തിയ പാരിസ്ഥിതിക ബോധത്തിന്റെ വെളിച്ചത്തില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് സംസ്ഥാനത്ത് വളരുന്ന പച്ചത്തുരുത്തുകള്‍. പാരിസ്ഥിതിക ജാഗ്രതയുടെ ഫലപ്രാപ്തിയുള്ള ഇടപെടല്‍കൂടിയായി ഈ പച്ചത്തുരുത്തുകള്‍. യഥാവിധി സംരക്ഷിക്കപ്പെടുമ്പോള്‍ ഓരോ പച്ചത്തുരുത്തുകളും ചെറു കാടുകള്‍ക്കപ്പുറം ചെറിയ തോതിലുള്ള ജൈവ വൈവിധ്യ ആവാസ കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നു. 'ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം' എന്ന ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന ചിന്താ വിഷയത്തോട് ഏറെ അടുത്തുനില്‍ക്കുകയാണ് കേരളത്തിലെ പച്ചത്തുരുത്തുകള്‍.

date