Skip to main content

കോവിഡിനെ നേരിടാൻ പഞ്ചായത്തുകൾ  മാറ്റിവച്ചത് 13.25 കോടി; 218 പദ്ധതികൾ

 

ആലപ്പുഴ: ജില്ലയിലെ 72 പഞ്ചായത്തുകൾ കോവിഡ് പ്രതിരോധപ്രവർത്തന പദ്ധതികൾക്കായി 13.25 കോടി രൂപ വകയിരുത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ് പറഞ്ഞു. വിവിധ പഞ്ചായത്തുകൾ കോവിഡ് പ്രതിരോധത്തിനായി 218 പദ്ധതികളാണ് നടപ്പാക്കുക. 33 പഞ്ചായത്തുകളിൽ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ(ഡി.സി.സി.) പ്രവർത്തിക്കുന്നു. 20 പഞ്ചായത്തുകളിൽ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ നടപടിയായി. 68 ഗ്രാമപഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ വഴിയും മറ്റു പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ വഴിയും മുപ്പതിനായിരത്തിലധികം പേർക്ക് ഭക്ഷണം എത്തിക്കുന്നു. 
എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുകളുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും വോളണ്ടിയർമാരുമാണ് ഹെൽപ് ഡെസ്‌കിൽ പ്രവർത്തിക്കുന്നത്. പഞ്ചായത്തംഗങ്ങൾ ചെയർമാനായ 1169 വാർഡുതല സമിതികൾ പ്രവർത്തിക്കുന്നു. ആരോഗ്യ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, പൊലീസ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് വാർഡ്തല സമിതിയുമായി ചേർന്നു പ്രവർത്തിക്കുന്നത്. 
വിവിധ പഞ്ചായത്തുകളിലായി 4124 വോളന്റിയർമാർ സേവന രംഗത്തുണ്ട്്. 50-60 വീടുകളെ ഒരു ക്ലസ്റ്റർ എന്ന നിലയിൽ രൂപീകരിച്ച് വോളണ്ടിയർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, മെഡിക്കൽ ഓഫീസർ, സെക്ടറൽ മജിസ്‌ട്രേറ്റ്, നോഡൽ ഓഫീസർ എന്നിവരടങ്ങിയ കോർ ടീം എല്ലാ ദിവസവും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നു. പരിശോധനയ്ക്കായി രോഗികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിക്കുന്നതിനായി ആംബുലൻസുകളും മറ്റു വാഹനവും പഞ്ചായത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളിലെ സീനിയർ സൂപ്രണ്ടുമാരെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്തുകൾക്കുള്ള സംശയങ്ങൾ ഉടനടി പരിഹരിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ക്രൈസിസ് മാനേജ്‌മെന്റ് ടീമും പ്രവർത്തിക്കുന്നതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
 

date