Skip to main content

വളവനാട് ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിൽ  ഓക്‌സിജൻ സൗകര്യമുള്ള 60 കിടക്കകൾ സജ്ജം

 

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് ഡിസി മില്ലിൽ പ്രവർത്തിക്കുന്ന ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിൽ (സി.എഫ്.എൽ.റ്റി.സി) 60 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ സജ്ജമായി. ഓക്‌സിജൻ കിടക്കകളുടെ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി. നിർവഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 170 ഓക്‌സിജൻ കിടക്കകൾ ഒരുക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് 60 കിടക്ക സജ്ജമാക്കിയത്. നിലവിൽ 480 രോഗികൾ വളവനാട്ടെ ചികിത്സാ കേന്ദ്രത്തിലുണ്ട്. 1450 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സയ്ക്കായി എത്തിക്കുന്നത്.

ജില്ലാ കളക്ടർ എ. അലക്‌സാണ്ടറുടെ നിർദ്ദേശ പ്രകാരമാണ് സി.എഫ്.എൽ.റ്റി.സി.യിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഓക്‌സിജൻ സൗകര്യങ്ങളോടെയുള്ള കിടക്കകൾ ക്രമീകരിച്ചത്. 11 ഡോക്ടർമാർ, 30 നഴ്‌സുമാർ, ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, 24 വോളണ്ടിയർമാർ എന്നിവരുടെ സേവനം ലഭ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ ആംബുലൻസ് സൗകര്യവുമുണ്ട്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഭക്ഷണമെത്തിക്കുന്നത്.

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
 

date