Skip to main content

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്  ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു 

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്ത് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്. കോവിഡ് പ്രതിരോധ നടപടി ഊർജിതമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക്, മരുന്ന്, ഭക്ഷണ വിതരണം, ബോധവൽക്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ കോവിഡ് വാർ റൂമും സജീവമാണ്. എല്ലാ വീടുകളിലും അണുനാശിനിയായി ഉപയോഗിക്കാവുന്ന ആയൂർവേദ പൊടിയും വിതരണം ചെയ്തിട്ടുണ്ട്. വാർഡ് അംഗങ്ങൾ, ആശാ പ്രവർത്തകർ, വാർഡുതല സമിതികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പഞ്ചായത്തിലെ 50 വീടുകൾ ഉൾക്കൊള്ളിച്ച് ക്ലസ്റ്റർ രൂപീകരിച്ച് ആരോഗ്യപ്രവർത്തകർ, അധ്യാപകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണവും നടത്തുന്നുണ്ട്. ഇവർ അതത് ക്ലസ്റ്റർ പരിധിയിലുള്ള വീടുകളുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ കൃത്യമായി പഞ്ചായത്തിനെ അറിയിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യും. ലോക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കും കോവിഡ് രോഗികൾക്കും സൗജന്യമായി ഭക്ഷണം എത്തിച്ചു നൽകുന്നതിനായി ജനകീയ ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്.
പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. വിനോദ് കുമാറിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ദർശന എന്നിവർ പങ്കെടുത്തു.
 

date