Skip to main content

കോവിഡ് പ്രതിരോധത്തിന് അയൽക്കൂട്ടങ്ങൾ; കുടുംബശ്രീയുടെ 'മിഷൻ കോവിഡ് 2021' ക്യാമ്പയിന് തുടക്കമായി

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗികൾക്കും ക്വാറന്റീനിലുളളവർക്കും ആശ്വാസം പകരാൻ കുടുംബശ്രീ മിഷൻ അയൽക്കൂട്ടങ്ങൾ. പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന സന്ദേശവുമായി 'മിഷൻ കോവിഡ് 2021' എന്ന പേരിലാണ് കുടുംബശ്രീയുടെ പ്രതിരോധ പ്രവർത്തനങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾ വഴിയും റിസോഴ്സ് പേഴ്സൺമാർ മുഖേനയുമാണ് കാമ്പയിൻ നടത്തുന്നത്. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗങ്ങളെ ഫോണിൽ വിളിച്ച് കോവിഡ് പ്രതിരോധ മാർഗങ്ങൾ, കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകുക, ആവശ്യക്കാർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ചൊവ്വാഴ്ച തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്ത കാമ്പയിൻ ജില്ലയിലെ എല്ലാ അയൽക്കൂട്ടങ്ങളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിക്കായി ജില്ലാതല റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ നിർവഹിച്ചു.
ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും റെസ്പോൺസ് ടീമിനേയും റിസോഴ്സ് പേഴ്സൻമാരെയും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കോവിഡ് പ്രതിരോധം കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും രോഗികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാനുമായി മിഷൻ കോവിഡ് 2021ലൂടെ എല്ലാ സിഡിഎസ് ചെയർപേഴ്സൺമാർക്കും നിർദ്ദേശം നൽകി.
കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിച്ച പ്രതിദിന വാർത്താ പ്രക്ഷേപണ പരിപാടിയായ കെ-ശ്രീ റേഡിയോയിലൂടെ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ദിവസേന നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അതിജീവന മാതൃകകളും ജനങ്ങളിലെത്തിക്കുന്നു.

date