Skip to main content

ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാത അഭിവൃദ്ധിപ്പെടുത്താൻ റീ ബിൽഡ് കേരളയിൽ 100 കോടി അനുവദിച്ചു

ജില്ലയിലെ പ്രധാന അന്തർ സംസ്ഥാന പാതകളിലൊന്നായ ചെർക്കള-ജാൽസൂർ റോഡ് അഭിവൃദ്ധിപ്പെടുത്താൻ 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമ്മൻ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെർക്കള- ജാൽസൂർ റോഡ് ഉൾപ്പെടുത്തിയത്. കെ.എസ്.ടി.പി 2012-ൽ നിർമ്മിച്ച ഈ റോഡ് കെ.എസ്.ടി.പി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവൃത്തി എടുത്ത കരാറുകാരൻ ഏഴ് വർഷത്തോളം റോഡ് പൂർണമായും സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന ഒ.പി.ബി.ആർ.സി (ഔട്ട് പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്റ്റ്) വ്യവസ്ഥ പ്രകാരം പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു.
ജില്ലയിൽ മെക്കാഡാം ടാറിങ് (ബിഎം ആൻഡ് ബി.സി) ചെയ്ത ആദ്യ റോഡാണ് ചെർക്കള -ജാൽസൂർ അന്തർസംസ്ഥാന പാത. ദേശീയപാത 66ൽ ചെർക്കള ജംങ്ഷനിൽ നിന്നാരംഭിച്ച് കർണാടകയിലെ ജാൽസൂർ വരെയുള്ള 39.138 കിലോമീറ്റർ നീളമുള്ള ഈ റോഡ് പ്രവൃത്തി 2012ൽ കെ.എസ്.ടി.പിയാണ്
നടത്തിയത്. 2015-ൽ ഉപരിതലം പൂർണമായി പുതുക്കേണ്ട റോഡിൽ കുഴികൾ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റ പണികൾ ചെയ്തതല്ലാതെ പ്രധാന പ്രവൃത്തികൾ ചെയ്തിട്ടില്ല. വളവുകളും, തിരിവുകളും മൂലം റോഡിൽ അപകടങ്ങൾ നിത്യ സംഭവങ്ങളാണെന്ന് എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിലവിൽ 5.50 മീറ്റർ വീതിയിലാണ് ടാറിങ്ങുള്ളത്. ഗതാഗത തിരക്കേറിയ റോഡിൽ അപകടം കൂടാൻ ഇതും കാരണമാണെന്നും 10 മുതൽ 12 മീറ്റർ വരെ സ്ഥല ലഭ്യതയുള്ള റോഡ് ഭൂമി ഏറ്റെടുക്കാതെ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. തുടർന്നാണ് റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി റോഡ് അഭിവൃദ്ധിപ്പെടുത്താൻ നടപടിയായത്.

date