Skip to main content

കാസർകോട് 88 പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നു ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷൻ 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ  മന്ത്രിമാർ, എം.എൽ.എ. മാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷർ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഹരിതകർമ്മസേനാംഗങ്ങളും പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി. തിരുവനന്തപുരം 32, കൊല്ലം 75, പത്തനംതിട്ട 11, ആലപ്പുഴ 7, കോട്ടയം 30, ഇടുക്കി 7, എറണാകുളം 5, തൃശൂർ 30, പാലക്കാട് 88, മലപ്പുറം 20, കോഴിക്കോട് 20, വയനാട് 2, കണ്ണൂർ 30, കാസർകോട് 88 എന്നിങ്ങനെയാണ്  ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകൾ. 1400 ലധികം പച്ചത്തുരുത്തുകൾ നിലവിൽ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ 2 വർഷം മുതൽ 6 മാസം വരെ കാലം പിന്നിട്ടവയുണ്ട്.  പരിപാലനത്തിന്റെ ഭാഗമായി പച്ചത്തുരുത്തുകളിൽ നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും ജൂൺ 5 ന് സംഘടിപ്പിച്ചിട്ടുണ്ട്.
വൃക്ഷവൽക്കരണ പരിപാടി എന്നതിലുപരി ജൈവ വൈവിധ്യ സംവിധാനത്തെ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിർവഹിച്ച് പരിപാലിക്കാനാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. അര സെന്റ് മുതൽ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നൽകിയുള്ള സസ്യങ്ങൾ നട്ട് പച്ചത്തുരുത്തുകൾ സൃഷ്ടിക്കാം. പക്ഷികളും ശലഭങ്ങളും വിവിധയിനം കൂണുകളും വള്ളിച്ചെടികളുമായി ഇതിനകംതന്നെ പല പച്ചത്തുരുത്തുകളും ചെറു ജൈവ വൈവിധ്യം സൃഷ്ടിച്ചിട്ടുണ്ട്.

date