Skip to main content

ജില്ലയിൽ 431 പച്ചത്തുരുത്തുകൾ വളരുന്നു

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കലിന്റെ മുഖ്യകണ്ണിയായാണ് ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നത്.  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലായി 431 പച്ചത്തുരുത്തുകളാണ് നിലവിൽ നിർമ്മിച്ചെടുത്തത്. 114.18 ഏക്കർ ആണ് ആകെ  വിസ്തീർണം. സാമൂഹ്യ വനവൽക്കരണ വകുപ്പിൽ നിന്നും ലഭിച്ച 36884 വൃക്ഷ തൈകളും പ്രാദേശികമായി കണ്ടെത്തിയ 5000 തൈകളുമുൾപ്പെടെ ആകെ 41884 വൃക്ഷത്തൈകളാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ജില്ലയിൽ  നട്ടു വളർത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പു മുഖേനയാണ് പച്ചത്തുരുത്തുകൾ ഉണ്ടാക്കുന്നത്. കുഴി കുത്തൽ, വൃക്ഷത്തൈകൾ നടൽ, ജൈവവേലി കെട്ടൽ, സംരക്ഷണം എന്നിവയുടെയെല്ലാം ചുമതല തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, അമ്പലക്കമ്മിറ്റികൾ, പള്ളിക്കമ്മിറ്റികൾ , വായനശാലകൾ, സ്‌കൂൾ പി ടി എ / എസ് എസ് ജീ കൾ എന്നിവരുടെയെല്ലാം സഹായ സഹകരണങ്ങളും പച്ചത്തുരുത്ത് നിർമ്മാണത്തിൽ ലഭിക്കുന്നുണ്ട്.
 പച്ചത്തുരുത്തിലേക്കാവശ്യമായ വൃക്ഷത്തൈകൾ ഉണ്ടാക്കുന്നത് പ്രധാനമായും സാമൂഹിക വനവത്കരണ വകുപ്പാണ്. വൃക്ഷത്തൈകൾ ഉണ്ടാക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ- മെയ് മാസങ്ങളിൽ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് 'കുഞ്ഞിളം കൈകളിൽ കുഞ്ഞിളം തൈകൾ' എന്ന പദ്ധതി നടപ്പിലാക്കി. പദ്ധതിയിൽ  ജില്ലയിലെ 8000 ത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്യുകയും അവർ വീടുകളിൽ 40000 ത്തോളം ഫലവൃക്ഷത്തൈകൾ ഉണ്ടാക്കുകയും ചെയ്തത് വലിയൊരു നേട്ടമാണ്.

date