Skip to main content

അവശ്യ സാധനങ്ങളുടെ വിതരണം; ഏറനാട് താലൂക്കില്‍ പരിശോധന തുടരുന്നു

കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കിയുള്ള പ്രത്യേക ദൗത്യ സംഘത്തിന്റെ പരിശോധന ഏറനാട് താലൂക്കില്‍ തുടരുന്നു. ശനിയാഴ്ച പുല്ലാര, വീമ്പൂര്‍, നറുകര, വള്ളുവമ്പ്രം, മോങ്ങം, മൊറയൂര്‍, കൊട്ടുക്കര എന്നിവടങ്ങളിലെ റേഷന്‍ കടകളടക്കം 14 വ്യാപാര സ്ഥാപനങ്ങളിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ക്രമക്കേട് കണ്ടെത്തിയ രണ്ട് റേഷന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. റേഷന്‍ കടകളില്‍ മെയ് മാസത്തെ കിറ്റുകള്‍ വിതരണക്രമം പാലിച്ചു വിതരണം ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തി. മഞ്ചേരി ജി.എല്‍.പി സ്‌കൂളിലെ കിറ്റ് പാക്കിങ് സെന്ററില്‍ കിറ്റിന്റെ തൂക്കവും സാധനങ്ങളുടെ എണ്ണവും സംഘം പരിശോധിക്കുകയും കിറ്റിലേക്കാവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്തു. പൊതുവിപണിയില്‍ നടത്തിയ പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കി. സാമൂഹിക അകലം പാലിക്കാത്തതിന് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിച്ച് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലനിലവാരം ഉറപ്പാക്കി. താലൂക്ക് സപ്ലൈ ഓഫീസര്‍ക്കൊപ്പം റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ മോഹനന്‍, സുനില്‍ ദത്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

date