Skip to main content

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്  ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ സുസജ്ജം

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് 8.27 കോടി രൂപ വകയിരുത്തി 111 പദ്ധതികളാണ് തയ്യാറാക്കി നടപ്പിലാക്കി വരുന്നത്. സിഎഫ്എല്‍ടിസി, സിഎല്‍ടിസി, ഡിസിസി എന്നിവിടിങ്ങളിലെ ഭൗതിക സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിനും പിഎച്ച്‌സി കളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ സിഎസ്എല്‍ടിസി യും, ആനിക്കാട്, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി, റാന്നി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസി യും നടത്തിവരുന്നു. ബാക്കി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഡിസിസി സജ്ജമാണ്.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും 24 മണിക്കൂറും സേവനം ലഭ്യമാക്കത്തക്ക വിധത്തില്‍ ഹെല്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും 24 മണിക്കൂറും ആംബുലന്‍സ് സൗകര്യവും മറ്റ് അനുബന്ധവാഹനങ്ങളുടെ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ഗ്രാമപഞ്ചായത്തിലും വാര്‍ഡ്തല സമിതികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ നേതൃത്വം നല്‍കുന്നു. വാര്‍ഡ്തല സമിതികള്‍, റാപ്പിഡ് റെസ്‌പോണ്ട്‌സ് ടീം  (ആര്‍ആര്‍ടി), സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ സംയോജിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.  പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, നോഡല്‍ ഓഫീസര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തിലുളള കോര്‍ കമ്മിറ്റികള്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകളും, കോവിഡ് ടെസ്റ്റിംഗ് ക്യാമ്പുകളും നടത്തിവരുന്നു.

date