Skip to main content

കോവിഡ് ബാധിതർക്കായി  കഞ്ഞിക്കുഴിയിൽ 'ഉല്ലാസം' പദ്ധതി

 

ആലപ്പുഴ: കോവിഡ് 19 ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് 'ഉല്ലാസം' പദ്ധതിയുമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവരുടെ വിവരങ്ങളും ഫോൺ നമ്പരുകളും വാർഡുതല ജാഗ്രത സമിതി മുഖേന ശേഖരിച്ച് അവർക്കായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽ ഒരു മുറിയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

ഗൂഗിൾ മീറ്റ് വഴി എല്ലാവരെയും ഒരു കുടക്കീഴിൽ ഒന്നിപ്പിച്ച് അവരുടെ അനുഭവങ്ങളും സന്തോഷവും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ പങ്കുവയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പാട്ട്, മിമിക്രി എന്നിവയുൾപ്പെടെ വിനോദ പരിപാടികൾക്കു പുറമേ ദിവസവും കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമുള്ളവർക്കെല്ലാം കൗൺസിലിംഗും നൽകും. പരിപാടി ആരംഭിച്ച ആദ്യദിനത്തിൽ തന്നെ എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാറിന്റെ ആശയമാണ് ഉല്ലാസം. നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കി വിജയം കണ്ടതിനു ശേഷമാണ് ഉല്ലാസം എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയന്റെ നേതൃത്വത്തിൽ ആദ്യദിനം ക്ലാസും നൽകിയിരുന്നു.

ചേർത്തല ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ വി. രാജുവാണ് ഉല്ലാസത്തിന്റെ കോ-ഓർഡിനേറ്റർ. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഉല്ലാസം പരിപാടി നടത്തുക. കൗൺസിലിംഗ് എല്ലാദിവസവും ഏതു സമയത്തും ആവശ്യമുള്ളവർക്ക് നൽകും.
 

date