Skip to main content

പ്രതിസന്ധിയിൽ കർഷകർക്ക്  കൈത്താങ്ങായി കൃഷിവകുപ്പ്

 

- 20,289 കിലോ കപ്പ സംഭരിച്ചു

ആലപ്പുഴ: ലോക്ക്ഡൗണും കാലം തെറ്റി പെയ്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കർഷകർക്ക് കൈത്താങ്ങേകി കൃഷിവകുപ്പ്. ക്ഷീര സംഘങ്ങളുടെ സഹായത്തോടെ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 20,289 കിലോ കപ്പയാണ് കൃഷി വകുപ്പ് സംഭരിച്ചത്.

വെള്ളം കയറിയ സ്ഥലങ്ങളിലെ കപ്പയ്ക്ക മുൻഗണന നൽകിക്കൊണ്ട് പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തിലെ കർഷകരിൽ നിന്നാണ് കപ്പ സംഭരിച്ചത്. സംഭരിച്ച കപ്പകളുടെ വില ഹോർട്ടികോപ്പ് വഴി കർഷകർക്ക് നൽകും. രജിസ്റ്റർ ചെയ്ത കർഷകർക്ക് തറവില അനുസരിച്ച് 12 രൂപ വീതവും രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് ഏഴു രൂപ വീതവും നൽകും.

പാലമേൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ക്ഷീര സംഘങ്ങളും കൃഷി ഭവനും വഴി 17,289 കിലോ കപ്പയും നൂറനാട് പഞ്ചായത്തിൽ നിന്നും 2000 കിലോ കപ്പയും താമരക്കുളത്ത് നിന്ന് 1000 കിലോ കപ്പയുമാണ് സംഭരിച്ചത്. ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. രജനി, പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ, നൂറനാട് കൃഷി ഓഫീസർ ആർ. അശ്വതി, താമരക്കുളം കൃഷി ഓഫീസർ എസ്. ദിവ്യശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഭരണം. പ്രതിസന്ധിയുടെ കാലത്ത് കർഷകരുടെ വിളവിന് വില കണ്ടെത്താനും അവർക്കു സഹായമാകാനും കഴിഞ്ഞെന്നും ഇതുപോലെയുള്ള പ്രവർത്തങ്ങളാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നതെന്നും എ.ഡി.എ പി. രജനി പറഞ്ഞു.

date